വ്യാജ തോക്ക് ലൈസൻസ്; അഞ്ച് കശ്മീരികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ; കേരളത്തിലെത്തിയത് ആറ് മാസം മുമ്പ്

തിരുവനന്തപുരം: വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. ഷൗക്കത്തലി, ഷുക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്. എടിഎമ്മില്‍ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ് ഇവര്‍.

ഇവരില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ ഒരു റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് ഇവര്‍ ആറുമാസം മുമ്പ് കേരളത്തില്‍ എത്തിയതെന്ന് പൊലിസ് പറഞ്ഞു. നിറമണ്‍കരയിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

എയര്‍പോര്‍ട്ട്, വിഎസ്‌എസ്‍സി, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകള്‍ക്ക് നടുവില്‍ ഇത്രയുംകാലം വ്യാജ തോക്കുമായി കഴിഞ്ഞത് ഗൗരവമുള്ള സംഭവമെന്ന് പോലീസ് പറഞ്ഞു. മിലിട്ടറി ഇൻ്റലിജന്‍സും പൊലീസില്‍ നിന്ന് വിവരം ശേഖരിച്ചു.