പിടിച്ചെടുത്ത അമേരിക്കൻ ഹെലികോപ്റ്ററെന്ന് അവകാശവാദം; കാണ്ഡഹാറിന് മുകളില്‍ താലിബാൻ ഭീകരരുടെ പ്രകടനം

കാണ്ഡഹാര്‍: അഫ്ഗാന്‍ സേനയില്‍ നിന്നും പിടിച്ചെടുത്ത യുഎച്ച്‌-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ കാണ്ഡഹാറിന് മുകളില്‍ പറക്കുന്ന വിഡിയോ പുറത്ത്. അഫ്ഗാന്‍ സൈനികരില്‍ നിന്നും താലിബാന്‍ ഭീകരർ യുഎസ് സൈനിക ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തതായി അവകാശപ്പെട്ടിരുന്നു. അതേസമയം പിടിച്ചെടുത്തതെന്ന് അവകാശപ്പെട്ട് താലിബാന്‍ ഭീകരർ യുഎസ് ഹെലികോപ്റ്റര്‍ പറത്തുന്ന വിഡിയോ പുറത്തുവരുന്നത് ആദ്യമായാണ്.

താലിബാന്‍ ഭീകര സംഘത്തില്‍ യുഎസിന്റെ ഹെലികോപ്റ്ററുകള്‍ പറത്താന്‍ ശേഷിയുള്ള പൈലറ്റുമാരില്ല. അഫ്ഗാന്‍ വ്യോമസേനയിലെ പൈലറ്റുമാരെ താലിബാന്‍ ഭീകരർ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തിയതാകാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ വിഡിയോ എന്നാണ് പകര്‍ത്തിയത് എന്നത് സംബന്ധിച്ച്‌ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

നാല് ബ്ലേഡുകളുള്ള, മീഡിയം ലിഫ്റ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ കാണ്ഡഹാറിന് മുകളില്‍ പറക്കുന്നതാണ് ദൃശ്യങ്ങളില്‍. മികച്ച പരിശീലനമില്ലാതെ യുഎച്ച്‌-60 പോലെയുള്ള ഒരു ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ താലിബാന്‍ ഭീകരര്‍ക്ക് കഴിയില്ലെന്നതാണ് വാസ്തവം.

അഫ്ഗാന്‍ സൈനികരോടും പൈലറ്റുമാരോടും സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെടുമെന്ന് താലിബാന്‍ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് യുഎസിന്റെ അത്യാധുനിക ഹെലികോപ്റ്റര്‍ താലിബാന്‍കാര്‍ പറത്തുന്ന വിഡിയോ പുറത്ത് വന്നിട്ടുള്ളത്.
രാജ്യാന്തര മാധ്യമങ്ങളെല്ലാം ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.