കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൊറോണ ; മുഴുവൻ യാത്രക്കാർക്കും കർശന പരിശോധനയുമായി കർണാടക

ബെംഗളൂരു: കർണാടകയിലെ 38 വിദ്യാർത്ഥികൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോലാറിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മുഴുവൻ വിദ്യാർത്ഥികളും കേരളത്തിൽ നിന്നുള്ളവരാണ്. നേരത്തെ ഇവിടെ 28 വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോസിറ്റീവ് ആയവരുടെ എണ്ണം 66 ആയി. 265 വിദ്യാർത്ഥികളാണ് കോളേജിലുള്ളത്.

അതേസമയം, കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും കർശന കൊറോണ പരിശോധനയുമായി കർണാടകം. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്റ്റേഷനുകളിൽ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.

ആർടിപിസിആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. ടെസ്റ്റ് ഫലം ഒരു ദിവസത്തിൽ തന്നെ ലഭിക്കുന്ന രീതിയിലാണ് പരിശോധന. ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാൽ മാത്രമേ ക്വാറന്റീൻ അവസാനിപ്പിക്കുകയുള്ളു.

കേരളത്തിൽ നിന്നെത്തുന്ന എല്ലാവരേയും ക്വാറന്റീൻ ചെയ്യിപ്പിക്കും എന്നായിരുന്നു ഇന്നലെ കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ രീതിയിൽ കർണാടക നടപ്പിലാക്കി തുടങ്ങിയിട്ടില്ല.