കാബൂൾ: താലിബാൻ ഭീകര നേതാവിൻ്റെ അഭിമുഖമെടുത്ത അഫ്ഗാൻ മാധ്യമപ്രവർത്തക രാജ്യംവിട്ടു. ടോളോ ന്യൂസിലെ ബെഹസ്ത അർഗന്ദാണ് നാടുവിട്ടത്. ഓഗസ്റ്റ് 17നാണ് ബെഹസ്ത താലിബാൻ ഭീകര നേതാവുമായി അഭിമുഖം നടത്തിയത്. താലിബാൻ ഭീകര നേതാവിൻ്റെ അഭിമുഖമെടുത്ത ആദ്യ അഫ്ഗാൻ മാധ്യമപ്രവർത്തകയാണിവർ.
അഭിമുഖത്തിനിടെ കാബൂളിലെ താലിബാൻ ഭീകരരുടെ വീടുകൾതോറുമുള്ള തിരച്ചിലിനെയും ഭാവി പദ്ധതികളെയുംകുറിച്ച് അവർ ചോദിച്ചിരുന്നു.24 വയസ്സുള്ള ബെഹസ്തയുടെ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഭയംമൂലമാണ് നാടുവിട്ടതെന്ന് അവർ വെളിപ്പെടുത്തി.
നേരത്തേ ചാനൽ സ്റ്റുഡിയോയിൽനിന്ന് അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്നങ്ങളില്ലെന്നും താലിബാൻ ഭീകരർ പറയിപ്പിക്കുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിഡിയോയിൽ തോക്കേന്തിനിൽക്കുന്ന താലിബാൻ ഭീകരർ സംഘത്തിനൊപ്പമാണ് അവതാരകൻ പേടിക്കേണ്ട സാഹചര്യമില്ലെന്നു പറയുന്നത്.
ഭീകരർ നിയന്ത്രങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണ്. സ്ത്രീകളെ വീട്ടിലിരുത്തുകയാണ് താലിബാൻ്റെ പ്രധാന ലക്ഷ്യം. അമേരിക്ക കൂടി അഫ്ഗാൻ വിട്ടതോടെ ഭീകരരുടെ കിരാത നടപടികളായിരിക്കും വരാനിരിക്കുന്നതെന്നാണ് അഫ്ഗാനികൾ ഭയക്കുന്നത്.