ആകാശ് മിസൈലുകളും ധ്രുവ് ഹെലികോപ്റ്ററും ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ കരസേന

ന്യൂഡെൽഹി: മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രതിരോധ രംഗത്തെ നേട്ടത്തെ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ കരസേന. പ്രതിരോധ രംഗത്ത് പ്രിയങ്കരമായി മാറിയ ആകാശ് മിസൈലും ധ്രുവ് ഹെലികോപ്റ്ററുകളുമാണ് ഇന്ത്യൻ കരസേന ഉപയോഗിക്കാൻ തീരുമാനമെടുത്തത്.

തദ്ദേശീയ ആവശ്യങ്ങൾക്കായി സ്വന്തം നാട്ടിലുണ്ടാക്കിയ അത്യാധുനിക മിസൈലുകളും ഭാരംകുറഞ്ഞ ധ്രുവ് ഹെലികോപ്റ്ററും ഫലപ്രദമാണെന്നാണ് കരസേനയുടെ കണ്ടെത്തൽ. 14,000 കോടിരൂപ രാജ്യത്ത് തന്നെ ചിലവഴിക്കാനാണ് കരസേനയുടെ തീരുമാനം. ഉപകരണ ങ്ങൾ വാങ്ങാനുള്ള ശുപാർശ പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചു. പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കരസേന ഇന്ത്യൻ നിർമ്മിത ഉപകരണങ്ങളിൽ ഏറെ സംതൃപ്തി രേഖപ്പെടുത്തിയത്.

മിസൈൽ വിഭാഗത്തിലെ പ്രഹരശേഷി കൂട്ടി നിർമ്മിച്ചവയാണ് ആകാശ്-എസ് മിസൈലുകൾ. ശത്രുവിമാനങ്ങളെ 30 കിലോമീറ്റർ ദൂരപരിധിയിൽ നേരിടാനാകുമെന്ന് തെളിയിച്ചവയാണ് ഇവ. ലഡാക്കിലെ കൊടുംതണുപ്പിലും ഫലപ്രദമെന്നും പരീക്ഷിച്ച് വിജയിച്ചവയാണ് ആകാശ്-എസ് വിഭാഗത്തിലെ മിസൈലുകൾ. ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈലുകൾക്കൊപ്പം 25 ധ്രുവ് മാർക്-3 ഹെലികോപ്റ്ററുകളും സേന സ്വന്തമാക്കും. നിലവിൽ ധ്രുവ് വിമാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതും ഇന്ത്യൻ കരസേനയാണ്.