ഇന്ത്യയിൽ കൊറോണ കേസുകളില്‍ നേരിയ കുറവ്; രോഗബാധിതര്‍ 42,909; മരണം 380

ന്യൂഡെല്‍ഹി: രാജ്യത്തെ കൊറോണ കേസുകളില്‍ നേരിയ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 42,909 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. 42,909 കൊറോണ് കേസുകളില്‍ 29,836 കേസുകളും കേരളത്തില്‍ നിന്നുള്ളതാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 380 കൊറോണ മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,38,210 ആയി ഉയര്‍ന്നു. 380 കൊറോണ് മരണങ്ങളില്‍ 75 മരണങ്ങളും കേരളത്തില്‍ നിന്നുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

34,763 പേര്‍ കൊറോണയില്‍ നിന്നും മുക്തി നേടി.ഇതോടെ കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 3,19,23,405 ആയി. വിവിധ സംസ്ഥാനങ്ങളിലായി 3,76,324 സജീവ കൊറോണ കേസുകള്‍ നിലവിലുണ്ട്. രാജ്യത്ത് ഇതുവരെ 63.43 കോടി ആളുകള്‍ വാക്‌സിന്‍ നല്‍കാനായെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.

അതേസമയം, രാജ്യത്തെ പ്രതിവാര കൊറോണ കേസുകളില്‍ 32 ശതമാനം വര്‍ധനയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ കൊറോണ കേസുകളില്‍ മൂന്നില്‍ രണ്ടും കേരളത്തില്‍ നിന്നുള്ളതാണ്. സംസ്ഥാന ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തിലെ കൊറോണ പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്.