മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പോക്സോ കേസില്‍ പ്രതിയായി ജയിലായ ശ്രീനാഥ് പോലീസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. കേസില്‍ ഡിഎന്‍എ ഫലം നെഗറ്റീവ് ആയതോടെ ശ്രീനാഥിന് ജാമ്യം ലഭിക്കുകയായിരുന്നു. തന്നെ കള്ള കേസില്‍ കുടുക്കിയെന്ന പരാതിയുമായി പോലീസിനെതിരെ നിയമ നടപടികളിലേക്ക് കടക്കാനാണ് ശ്രീനാഥിന്റെയും കുടുംബത്തിന്റെയും തീരുമാനം.
വ്യാജകേസില്‍ പ്രതിയാക്കപ്പെട്ട പതിനെട്ടുകാരന്‍ മകന്റെ ഭാവിയെക്കുറിച്ച് ശ്രീനാഥിന്റെ മാതാപിതാക്കള്‍ സങ്കടത്തിലാണ്. പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ജൂലൈ മാസം 22 ന് രാത്രിയാണ് ശ്രീനാഥിനെ പോലീസ് അറസ്റ് ചെയ്തത്. കത്തികാണിച്ച് ഭീഷണിപെടുത്തി കൈകള്‍ തോര്‍ത്തുപയോഗിച്ച് കെട്ടിയിട്ടാണ് തന്നെ പീഡിപ്പിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴിപ്രകാരം ശ്രീനാഥിന്റെ വീട്ടില്‍ നിന്നും തോര്‍ത്തും കത്തിയും തെളിവായി പോലീസ് കണ്ടെടുത്തിരുന്നു.
അതേസമയം തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും വിശ്വസിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ശ്രീനാഥ് വ്യക്തമാക്കി. ഡിഎന്‍എ റിസള്‍ട്ട് വരുമ്പോള്‍ താന്‍ രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നുവെന്ന് ശ്രീനാഥ് പറയുന്നു. 36 ദിവസത്തെ മനഃസമാധാനക്കേടിന് പോലീസിനെക്കൊണ്ട് സമാധാനം പറയിപ്പിക്കുമെന്നും ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു.