ചേര്‍പ്പ്: വല്ലച്ചിറ പകിരിപാലത്ത് റോഡരികിലുള്ള ചക്രവണ്ടി ഉണ്ണികൃഷ്ണന്റെ ചായക്കടയില്‍ എത്തിയാല്‍ ആദ്യം കാണാന്‍ കഴിയുക ‘ജീവിത പങ്കാളിയെ തേടുന്നു (ജാതി മത ഭേദമന്യേ)’ എന്ന ബോര്‍ഡായിരിക്കും. കല്യാണ ആലോചനകള്‍ പലവഴി നടത്തിയെങ്കിലും ഒന്നും ഒത്തില്ല. അവസാനം സ്വന്തം കടയ്ക്ക് മുന്നില്‍ ബോര്‍ഡെഴുതി വെച്ചിരിക്കുകയാണ് ഉണ്ണികൃഷ്ണന്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉണ്ണികൃഷ്ണന് കടയില്‍ ബോര്‍ഡ് വെച്ചത്. ഉണ്ണികൃഷ്ണന് പ്രായം 33 ആയി പലരീതിയില്‍ കല്യാണ ആലോചനകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ബോര്‍ഡ് കണ്ട് ഒരു സാധാരണ പെണ്‍കുട്ടി തേടിവരുമെന്നാണ് ഉണ്ണിയുടെ വിശ്വാസം.
ഫെബ്രുവരി ഒന്നിനാണ് വല്ലച്ചിറ പകിരിപാലത്ത് റോഡരികില്‍ ഉണ്ണികൃഷ്ണന് ചക്രവണ്ടിയില്‍ ചായക്കട തുടങ്ങിയത്. ആദ്യം ചായയില്‍ തുടങ്ങിയ കച്ചവടം ഇപ്പോള്‍ പലചരക്ക് കടയായി മാറി. കൂടാതെ പലഹാര കച്ചവടവും ലോട്ടറി വില്പനയും നടത്തുന്നുണ്ട്. ജീവിത മാര്‍ഗം സുഗമമാകാതെ കല്യാണം ഇല്ലെന്നായിരുന്നു ഉണ്ണിയുടെ തീരുമാനം.
ഇപ്പോള്‍ എല്ലാം ശരിയായിരിക്കുകയാണ്. കടയ്ക്ക് മുന്നില്‍ ഇതോടെയാണ് കല്യാണ ആലോചനകള്‍ ക്ഷണിച്ചുകൊണ്ട് ബോര്‍ഡ് വച്ചത്. ബോര്‍ഡ് വെക്കുന്നതിന് വീട്ടുകാര്‍ കടുത്ത എതിര്‍പ്പായിരുന്നു. എന്നാല്‍ ബോര്‍ഡ് വെച്ചതിന് ശേഷം ഉണ്ണിയുടെ കസ്റ്റമേഴ്സ് കൂടി. ഫോണില്‍ തുരുതുര കോളുകളുമാണ്. തിക്കും തിരക്കും ഏറി. ഇങ്ങോട്ട് വിളിച്ച എല്ലാ നമ്പറിലേക്ക് തിരിച്ച് വിളിക്കും.
ടൈല്‍, വെല്‍ഡിങ് ജോലികള്‍ ഉപേക്ഷിച്ചാണ് ചായക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. മനസ്സിലെ ആഗ്രഹം പരസ്യപ്പെടുത്തുന്നതില്‍ എന്താണ് തെറ്റെന്ന് ഉണ്ണികൃഷ്ണന് ചോദിക്കുന്നു, വല്ലച്ചിറ നായ്ക്കുളത്തുകാട്ടില് നാരായണന് കുട്ടിയുടെയും ഗീതയുടെയും മകനാണ് ഉണ്ണികൃഷ്ണന്.