ന്യൂഡെല്‍ഹി: കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹിയില്‍ മെട്രോ ട്രെയിനുകളില്‍ തിരക്കേറി. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രം ഇരിക്കണമെന്ന നിര്‍ദേശം മാറ്റി. എല്ലാ സീറ്റിലും ഇരിക്കാം. വാണിജ്യ കേന്ദ്രങ്ങളും റോഡുകളുമെല്ലാം കൂടുതല്‍ സജീവമായി.
മുഖത്ത് മാസ്ക് പതിപ്പിച്ച്, സാനിറ്റൈസര്‍ പുരട്ടിയ കൈകള്‍ കൂട്ടിത്തിരുമ്മി, വീണ്ടും പ്രത്യാശകളിലേക്ക് ചുവടുവെക്കുകയാണ് ജനം. മറ്റു സംസ്ഥാനങ്ങള്‍ ചകിതമായി ഡെല്‍ഹിയിലേക്ക് നോക്കിയിരുന്ന സാഹചര്യം മാറി.
ഔദ്യോഗിക കണക്കു പ്രകാരം ദിനംപ്രതി 400-450ഓളം പേരാണ് മേയ് മാസം ആദ്യം മരിച്ചത്. ഓഗസ്റ്റ് അവസാനത്തിലേക്ക് എത്തിയപ്പോള്‍ കൊറോണ ബാധിതരുടെ എണ്ണം 412ലേക്ക് കുത്തനെ താഴ്ന്നു. പോസിറ്റിവിറ്റി നിരക്ക് 0.06 ശതമാനം മാത്രം. ഒരാളും മരിക്കാത്ത 17 ദിവസങ്ങളും ഇതിനിടയില്‍ ഉണ്ടായി.
മൂന്നാം തരംഗത്തിൻ്റെ ആശങ്കകള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്പുണ്ട്. രണ്ടാം തരംഗത്തിലെ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകളിലാണ് അധികൃതരും. ഓക്സിജന്‍ അടക്കം, ആശുപത്രികളിലെ സജ്ജത ആവര്‍ത്തിച്ച് പരിശോധിക്കപ്പെടുന്നുണ്ട്.