തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കുള്ള പിങ്ക് പോലീസിൻ്റെ വക താണ്ഡവമാടൽ. ആറ്റിങ്ങലില്‍ മോഷണം ആരോപിച്ച് പൊലീസില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്ന ടാപ്പിംഗ് തൊഴിലാളി ജയചന്ദ്രനും എട്ട് വയസുകാരി മകള്‍ക്കും പറയാനുളളത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ ഐഎസ്ആര്‍ഒ വണ്ടി കാണാന്‍ മകളുമൊത്ത് പോയതാണ്. അവിടെയുണ്ടായിരുന്ന പിങ്ക് പൊലീസ് വണ്ടി നിര്‍ത്തി വരാന്‍ പറഞ്ഞു. വന്നപ്പോള്‍ ഫോണ്‍ തരാന്‍ ആവശ്യപ്പെട്ടു. തന്റെ ഫോണ്‍ നല്കിയപ്പോള് ഇതല്ല വണ്ടിയിലിരുന്ന ഫോണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഫോണ്‍ താന്‍ എടുത്തില്ലെന്ന് പറഞ്ഞതോടെ മകളെ വിളിക്കാന്‍ ആവശ്യപ്പെട്ടു. കുട്ടിയോട് ‘അച്ഛന് എടുത്തുതന്ന ഫോണ്‍ ഇങ്ങെടുക്കടീ’ എന്ന് ജനങ്ങള്‍ കേള്‍ക്കെ പറഞ്ഞു. ഭയന്നുപോയ മകള്‍ കരയാന്‍ തുടങ്ങി. ഉടന്‍ പൊലീസ് ജനങ്ങളെ വിളിച്ചുകൂട്ടുകയും താന്‍ ഫോണ്‍ മോഷ്ടിച്ചു, ദേഹ പരിശോധന നടത്തണം ഉടന്‍ സ്റ്റേഷനില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞതായി ജയചന്ദ്രന് പറയുന്നു.
‘കുട്ടി ഫോണ്‍ എടുത്ത് കാട്ടില്‍ കളഞ്ഞു’ എന്നായിരുന്നു വനിതാ പൊലീസിൻ്റെ ആരോപണം. പിന്നെ ‘നിന്നെപ്പോലിരിക്കുന്ന ഒരുത്തന് കൊച്ചിനേം കൊണ്ടുവന്ന് മാല മോഷ്ടിച്ചു. നീയെല്ലാം ഇതിനുവേണ്ടി നടക്കുന്നതാണ്.’ എന്ന് ജനങ്ങള്‍ കേള്‍ക്കെ പറഞ്ഞ് അവരുടെ മുന്നില്‍ തന്നെയും കുട്ടിയെയും പൊലീസ് കളളനാക്കിയെന്ന് ജയചന്ദ്രന് പറയുന്നു.
പിന്നീട് മോഷണം ആരോപിച്ച വനിതാ പൊലീസ് തന്നെ വാഹനത്തിലെ ബാഗില്‍ നോക്കിയപ്പോള്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. ഫോണ്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനും മോളും കളളനും കളളിയും ആയേനെ, എന്നെ ജോലി ചെയ്യാന്‍ പറ്റാത്ത പരുവം ആക്കിയേനെ’ വിഷമത്തോടെ ജയചന്ദ്രന് പ്രതികരിച്ചു.