കൽക്കരി കള്ളക്കടത്ത്; മമത ബാനർജിയുടെ അനന്തരവനും ഭാര്യക്കും എൻഫോഴ്സ്മെൻ്റിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്

കൊൽക്കത്ത: കൽക്കരി കള്ളക്കടത്തിലെ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ എംപി അഭിഷേക് ബാനർജിക്കും ഭാര്യ രുചിര ബാനർജിക്കും എൻഫോഴ്സ്മെൻ്റിന് (ഇ ഡി)മുന്നിൽ ഹാജരാകാൻ നോട്ടീസ്. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനായ അഭിഷേകിനോട് സെപ്റ്റംബർ ആറിനും ഭാര്യയോട് സെപ്റ്റംബർ ഒന്നിനും ഹാജരാകണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരുവരുടേയും അഭിഭാഷകനായ സഞ്ജയ് ബസുവിനോട് സെപ്റ്റംബർ മൂന്നിന് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. ബംഗാളിലെ സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരായ ശ്യാം സിങ്, ഗ്യാൻവന്ത് സിങ് എന്നിവരോട് സെപ്റ്റംബർ എട്ട്, ഒൻപത് തീയതികളിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. രുചിരയെ ഈ കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 23ന് സിബിഐ ചോദ്യം ചെയ്തിരുന്നു.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഈ കേസുമായി ബന്ധപ്പെട്ട് മുൻപ് ചോദ്യം ചെയ്യലുണ്ടായത്. സർക്കാരിന്റെ കൽക്കരി പാടങ്ങളിൽ നിന്ന് ഉന്നത് സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിപ്പ് നടന്നുവെന്നാണ് കേസ്. സിബിഐ എഫ്ഐആർ ഇട്ട കേസിലെ സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്.