ഭോപ്പാല്‍: സെപ്റ്റംബര്‍ ഒന്ന് മുതല്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും തുറക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ആറ് മുതല്‍ 12 വരെ ക്ലാസുകളാണ് ബുധനാഴ്ച മുതല്‍ തുറക്കുക. 50 ശതമാനം ഹാജര്‍ നിലയില്‍ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ജൂലൈയില്‍ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകള്‍ തുറന്നിരുന്നെങ്കിലും ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ആദ്യമായാണ് സ്‌കൂളിലെത്താന്‍ അനുവാദം നല്‍കുന്നത്.
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കണമെന്ന ആവശ്യവുമായി സ്വകാര്യ സ്‌കൂളുകള്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. ക്ലാസിലിരിക്കാന്‍ കുട്ടികള്‍ മാതാപിതാക്കളുടെ സമ്മതപത്രവുമായി സ്‌കൂളിലെത്തണമെന്ന് നിര്‍ദേശമുണ്ട്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ നടക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.
കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊറോണ രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നായ ഡെല്‍ഹിയിലും സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിനും 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപറ്റംബര്‍ 8 നും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.