കൊച്ചി: കേരളതീരത്തുകൂടി പാകിസ്താൻ ലക്ഷ്യമാക്കി ശ്രീലങ്കയിൽനിന്ന് പതിനഞ്ചുപേർ ബോട്ടുമാർഗം നീങ്ങുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണവകുപ്പിന്റെ മുന്നറിയിപ്പ്. പൊന്നാനി മുതൽ കൊച്ചി വരെയുള്ള കടലിലും കടലോരത്തും അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. ഇവർ കേരളത്തിലെത്തി റോഡുമാർഗം യാത്രചെയ്യാനുള്ള സാധ്യതകളും ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
പൊന്നാനി മുതൽ കൊച്ചി വരെ കടലിലുള്ള മുഴുവൻ ബോട്ടുകളും വള്ളങ്ങളും വിവിധ അന്വേഷണസംഘങ്ങൾ കർശനപരിശോധനയ്ക്ക് വിധേയമാക്കിവരുകയാണ്. കർണാടകയിൽ നിന്നുള്ള ചുവപ്പുനിറമുള്ള ബോട്ടുകളും തമഴ്നാട്ടിൽനിന്നുള്ള പച്ചനിറത്തിലുള്ള ബോട്ടുകളുമാണ് പ്രത്യേകം പരിശോധിക്കുന്നത്.
പച്ചനിറത്തിലുള്ള രണ്ട് ബോട്ടുകൾ മുനമ്പത്തിന് സമീപം തീരദേശപോലീസ് വെള്ളിയാഴ്ച പരിശോധിച്ചെങ്കിലും സംശയാസ്പദമായ നിലയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആവശ്യമായ രേഖകളും ലൈസൻസുമില്ലാത്ത ബോട്ടുകളും വള്ളങ്ങളും പിടിച്ചെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പുറംകടലും അന്താരാഷ്ട്ര കപ്പൽച്ചാലും മിലിറ്ററി ഇന്റലിജൻസിന്റെയും കോസ്റ്റ് ഗാർഡിന്റെയും സൂക്ഷ്മനിരീക്ഷണത്തിലാണ്. മുനമ്പവും കൊടുങ്ങല്ലൂരും കേന്ദ്രീകരിച്ച് മനുഷ്യക്കടത്തിനും ലഹരിമരുന്നുകടത്തിനും സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്ന് കഴിഞ്ഞ 16-ന് കേന്ദ്ര ഇന്റലിജൻസ് വകുപ്പിന്റെ അഞ്ച് ഉയർന്ന ഉദ്യോഗസ്ഥർ കൊടുങ്ങല്ലൂരിന്റെ തീരദേശത്തും പരിശോധന നടത്തിയിരുന്നു.