നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് ആഫ്രിക്കയിലെ സ്വര്‍ണഖനിയില്‍ നിക്ഷേപം

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് ആഫ്രിക്കയിലെ സിയറ ലിയോണില്‍ സ്വര്‍ണഖനിയില്‍ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തല്‍. എന്‍.ഐ.എ.യും കസ്റ്റംസും അറസ്റ്റുചെയ്യുകയും ജാമ്യത്തിലിറങ്ങുകയുംചെയ്ത പ്രതിക്കാണ് ഖനിയില്‍ നിക്ഷേപമുള്ളതായി വിവരങ്ങള്‍ പുറത്തായത്.

നയതന്ത്ര സ്വര്‍ണക്കടത്തിലെ കൂട്ടുപ്രതികളോടാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതോടെ, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രാഥമിക വിവരശേഖരണം തുടങ്ങി. ആഫ്രിക്കയിലെ സിയറ ലിയോണിലെ സ്വര്‍ണഖനിയിലാണ് സ്വര്‍ണക്കടത്ത് പ്രതിക്ക് നിക്ഷേപമുള്ളതെന്നാണ് പുറത്തുവന്നിരിക്കുന്ന വാര്‍ത്ത.

നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഏതാനും നിര്‍ണായക വിവരങ്ങള്‍ നല്‍കിയതോടെ ഇയാളുടെ ജാമ്യാപേക്ഷയെ അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. പാസ്പോര്‍ട്ട് തിരികെ ലഭിച്ച ശേഷവും ഇയാള്‍ വിദേശയാത്രകള്‍ നടത്തിയതായി സൂചനയുണ്ട്.

ഇതിനുശേഷമാണ് കൂട്ടുപ്രതികളോട് ആഫ്രിക്കയിലെ ഖനിയിലെ നിക്ഷേപത്തെക്കുറിച്ചും രാഷ്ട്രീയ ഉന്നതരുടെ പങ്കാളിത്തത്തെക്കുറിച്ചും വെളിപ്പെടുത്തിയത്. ഈ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.