കൊച്ചി: സീറോമലബാർ സഭയിൽ
ഏകീകരിച്ച വിശുദ്ധ കുർബ്ബാന അർപ്പണരീതി നടപ്പാക്കാൻ സഭാസിനഡ് ഐകകണ്ഠേന തീരുമാനിച്ചു. ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന ഈ വർഷം നവംബർ 28- ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചു. കഴിഞ്ഞ നാലുപതിറ്റാണ്ടായി ആരാധനാക്രമ നവീകരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തതയ്ക്ക് ഇതോടെ പരിസമാപ്തിയായി.
കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വിശുദ്ധ കുർബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച വിശുദ്ധ കുർബ്ബാന അർപ്പണരീതി. പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന നവംബർ 28 മുതൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചു.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു. ഏകീകരിച്ച വിശുദ്ധ കുർബ്ബായർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ മേൽപറഞ്ഞ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബർ 28നു തന്നെ ആരംഭിക്കാനാണ് തീരുമാനം.
2021 നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കൻമാരും ഏകീകരിച്ച ക്രമത്തിലുള്ള വിശുദ്ധ കുർബ്ബാന അർപ്പിക്കുവാൻ തീരുമാനിച്ചു. ഏകീകരിച്ച ബലിയർപ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും (2022 ഏപ്രിൽ 17) രൂപത മുഴുവനിലും നടപ്പിലാക്കണം.
വിശുദ്ധ കുർബ്ബാനയുടെ അർപ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടർന്നുള്ള സിനഡുകളിൽ ആവർത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം താമസംവിനാ നടപ്പിലാക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസീസ് മാർപാപ്പാ സീറോമലബാർ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അൽമായർക്കുമായി എഴുതിയ കത്തിനെ സിനഡുപിതാക്കന്മാർ ഐക്യകണ്ഠേന സ്വീകരിച്ചു. സീറോമലബാർ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഭയുടെ നാമത്തിൽ സിനഡ് മാർപാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി.
കഴിഞ്ഞ നാലുപതിറ്റാണ്ടായി ആരാധനാക്രമ നവീകരണവുമായി ബന്ധപ്പെട്ട് സഭയൊന്നാകെ നടത്തിയ പഠനത്തിനും പ്രാർത്ഥനയ്ക്കും ദൈവം തന്ന ഉത്തരമായാണ് പരിശുദ്ധ പിതാവിന്റെ കത്തിനെ സിനഡ് വിലയിരുത്തിയത്. സീറോമലബാർ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഭയുടെ നാമത്തിൽ സിനഡ് മാർപാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡിൽ അധ്യക്ഷത വഹിച്ചു.