ന്യൂഡെല്‍ഹി: കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതോടെ ഡെല്‍ഹിയില്‍ സ്കൂളുകളും തുറക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിനും 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ക്ക് സെപറ്റംബര്‍ 8 നും ക്ലാസുകള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡെല്‍ഹിയിലെ സ്കൂളുകള്‍ അടച്ചിട്ടത്. കൊറോണ വ്യാപകമായതോടെയാണ് സ്കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചത്. പിന്നീട് പല സംസ്ഥാനങ്ങളും ഒക്ടോബറില്‍ ഭാഗികമായി സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമെടുത്തുവെങ്കിലും ജനുവരിയിലായിരുന്നു ഡെല്‍ഹിയില്‍ ക്ലാസുകള്‍ തുടങ്ങിയത്. എന്നാല്‍ ഉടനെ വീണ്ടും സ്കൂളുകള്‍ അടച്ചിട്ടു.
അതേസമയം, സെപ്റ്റംബറില്‍ സ്കൂള്‍ തുറക്കുമെന്ന് തമിഴ്നാട് സര്‍ക്കാരും അറിയിച്ചിരുന്നു. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 1 മുതല്‍ 9, 10 പത്തുവരെയുള്ള ക്ലാസുകളുടെ ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഭക്ഷണ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് പുനരാരംഭിക്കാനും അനുമതിയുണ്ട്.