സംസ്ഥാനത്ത് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കുറവ് ; പല വകുപ്പുകളും നാഥനില്ലാ കളരികൾ; പദ്ധതികൾ ഇഴയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതി പ്രവർത്തനത്തെ അവതാളത്തിലാക്കുന്നു. പല വകുപ്പുകളും നാഥനില്ല കളരികളായി തുടങ്ങി. ആകെ 214 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണ് കണക്ക്. മിക്ക ഉദ്യോഗസ്ഥർക്കും ഒന്നിലധികം വകുപ്പുകളുടെ ചുമതല നൽകിയുണ്ട്. ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

കേരളത്തിൽനിന്നുള്ള 22 ഐഎഎസ് ഉദ്യോഗസ്ഥരും 23 ഐപിഎസ് ഉദ്യോഗസ്ഥരും 14 ഐഎഫ്എസ് ഉദ്യോഗസ്ഥരും കേന്ദ്രത്തിൽ ഡപ്യൂട്ടേഷനിലാണ്. രാഷ്ട്രീയ, വ്യക്തിപരമായ കാരണങ്ങളാൽ പലർക്കും കേരളത്തിലേക്കു മടങ്ങാൻ താൽപര്യമില്ല.

സംസ്ഥാനത്ത് ഐഎഎസ് കേഡറിന്റെ അംഗബലം 231 ആണ്. നിലവിൽ 87 ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഐപിഎസ് കേഡറിന്റെ അംഗബലം 172. ഇപ്പോൾ 82 ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഐഎഫ്എസ് കേഡറിന്റെ അംഗീകൃത അംഗബലം 107. ഇവിടെ നിലവിൽ 45 ഉദ്യോഗസ്ഥരുടെ കുറവുണ്ട്.

ഇന്റർകേഡർ ഡപ്യൂട്ടേഷനിൽ മറ്റു സംസ്ഥാന കേഡറുകളിൽനിന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനും മൂന്നു ഐപിഎസുകാരും എട്ട് ഐഎഫ്എസുകാരും ജോലി ചെയ്യുന്നുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരിൽ രണ്ടുപേർ മറ്റു സംസ്ഥാനങ്ങളിൽ ഇന്റർ കേഡർ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നു.

ആറുപേർ സംസ്ഥാന സർക്കാരിനു കീഴിൽ സ്റ്റേറ്റ് ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നു. ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ ഇന്റർ കേഡർ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നു. രണ്ടു പേർ സംസ്ഥാന സർക്കാരിനു കീഴിൽ സ്റ്റേറ്റ് ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണ്.

അഞ്ചുവർഷത്തിലൊരിക്കൽ കേന്ദ്ര സർക്കാർ നടത്തുന്ന കേഡർ റിവ്യുവിൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചെടുക്കാനാകാത്തതാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടാനുള്ള പ്രധാന കാരണം. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ വിഭാഗം വേണ്ട രീതിയിൽ ഫയൽ തയ്യാറാക്കി കേന്ദ്രത്തിനു നൽകി സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാത്തതും ഒഴിവുകൾ നികത്താനാകാത്തതിനു കാരണമാണ്.

മുമ്പ് ചെലവുചുരുക്കലിന്റെ ഭാഗമായി നിയമനനിരോധനം കൊണ്ടുവന്നതാണ് കേരളത്തിനുണ്ടായ പിഴവ്. കൂടുതൽ ഉദ്യോഗസ്ഥരെ കേരളം ആവശ്യപ്പെട്ടില്ല. ഇതിനുശേഷം കേരളത്തിലേക്ക് അനുവദിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. പ്രതിവർഷം കേരളത്തിലേക്ക് ആറ് ഐഎഎസുകാരെ നൽകിയിരുന്നത് രണ്ടായി കുറഞ്ഞു.

2002-ൽ രണ്ടുപേരെയും 2003-ൽ ഒരാെളയുമാണ് കേരളത്തിനു ലഭിച്ചത്. 2004-ൽ സംസ്ഥാനത്തിനു ലഭിച്ച ഐഎഎസുകാർ ഇന്റർസ്റ്റേറ്റ് കേഡർ മാറ്റം വാങ്ങി മറ്റു സംസ്ഥാനങ്ങളിലേക്കു പോയി. 2005 മുതൽ 2007 വരെയും കേരളത്തിന് ആവശ്യത്തിന് ആളെ കിട്ടിയില്ല. 2008-നു ശേഷമാണ് പഴയ നിലയിൽ ഉദ്യോഗസ്ഥരെ കിട്ടിത്തുടങ്ങിയത്. എന്നാൽ, അതുവരെ ഒഴിഞ്ഞുകിടന്ന തസ്തികകളിൽ കൂടുതൽ ആളെ നേടിയെടുക്കാൻ സംസ്ഥാനത്തിനായില്ല.

കേരള കേഡറിൽ വരുന്ന ഉദ്യോഗസ്ഥർ പലരും കേരളം വിട്ടുപോകുകയും ജോലി ഉപേക്ഷിക്കുകയും ചെയ്യുന്നതിന്റെ തോതു കൂടി. കേരളത്തിൽ ജോലിചെയ്യാനുള്ള അന്തരീക്ഷം മോശമാണെന്ന അഭിപ്രായവും പലർക്കുമുണ്ട്. റാങ്കുപട്ടികയിൽ മുന്നിൽ വരുന്നവർ കേരളം തിരഞ്ഞെടുക്കുന്നില്ല. സിവിൽ സർവീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ കീഴിലാണ്. ചീഫ് സെക്രട്ടറിയാണ് ഇവരുടെ ഫയൽ കൈകാര്യംചെയ്യുന്നത്. നേരത്തേ ഇതു പൊതുഭരണവകുപ്പിന്റെ കീഴിലായിരുന്നു.

ചീഫ് സെക്രട്ടറിയുടെ കീഴിലുള്ള സ്പെഷ്യൽ വിഭാഗത്തിൽ സിവിൽ സർവീസ് നിയമങ്ങൾ കൈകാര്യംചെയ്യാൻ പ്രാപ്തിയുള്ള ഉദ്യോഗസ്ഥനെ നിയമിച്ച് സിവിൽ സർവീസിലെ ഒഴിവുകൾ നികത്തിയെടുക്കാം. ലക്ഷ്യബോധമുള്ള ഭരണത്തിന് മികച്ച ഉദ്യോഗസ്ഥർ ആവശ്യമാണ്. അവർക്ക് ആത്മവിശ്വാസത്തോടെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമൊരുക്കാൻ സർക്കാരിനും ബാധ്യതയുണ്ട്. അതിവിദഗ്ധമായ പരിശീലനം കൊടുത്ത് സൃഷ്ടിക്കുന്ന സിവിൽ സർവീസുകാരുടെ ശേഷിയും സേവനസന്നദ്ധതയും ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്തിനു നഷ്ടമാണുണ്ടാവുക.