സീറോ മലങ്കര സഭ ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു

ന്യൂഡെൽഹി: സീറോ മലങ്കര സഭ ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു. അദ്ദേഹത്തിന് 60 വയസായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അന്ത്യയാത്രയായത്. 14 വർഷമായി ഗുർഗോൺ ബിഷപായി സേവനമനുഷ്ടിക്കുകയായിരുന്നു മാർ ബർണബാസ്.

കൊറോണ ബാധിതനായ ശേഷം ഡെൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ മൂന്നു മാസമായി ചികിൽസയിലായിരുന്നു. ദീർഘനാളായി വെൻ്റിലേറ്ററിലായിരുന്നു അദ്ദേഹം. ഇടയ്ക്ക് ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളായി.

ലാളിത്യത്തിൻ്റെ പ്രതിരൂപമായിരുന്നു ബിഷപ്.ആയിരക്കണക്കിന് അഗതികൾക്ക് കരുതലായ ആത്മീയാചാര്യനായിരുന്നു മാർ ബർണബാസ്. കൊറോണക്കാലത്ത് ഡെൽഹിയിലെ തെരുവോരങ്ങളിലെ പതിനായിരക്കണക്കിന് മനുഷ്യർക്ക് ബിഷപിൻ്റെ നേതൃത്വത്തിൽ ഭക്ഷണവുമായെത്തിയത് ഏറെ ആശ്വാസമായിരുന്നു.

2007 മാർച്ച് ഏഴിനാണ് മോൺ. ചാക്കോ ഏറത്ത് റമ്പാൻ പട്ടം സ്വീകരിച്ചത്. മലങ്കരസഭാ മേജർആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കയ്യ്‌ വയ്പ് വഴി മാർച്ച് 10നാണ് മോൺ. ചാക്കോ ഏറത്ത്, ബിഷപ് ജേക്കബ് മാർ ബർണബാസായത്. 2007 മാർച്ച് 22 നാണ് ഡെൽഹിയിലെ ഗുഡ്ഗാവ് രൂപതയുടെ അധ്യക്ഷനായി ബിഷപ് ജേക്കബ് മാർ ബർണബാസ് ചുമതലയേറ്റത്.

വൈദികനായിരിക്കെ ബഥനി നവജ്യോതി പ്രൊവിൻഷ്യൽ സുപ്പീരിയർ, പൂനെ ബഥനി ആശ്രമം സുപ്പീരിയർ,ബഥനി വിജ്ഞാനപീഠം റെക്ടർ, ജന ദീപ് വിദ്യാപീഠം പ്രൊഫസർ, തലവൻ, വിവിധ സെമിനാരി കളിൽ വിസിറ്റിംഗ് പ്രൊഫസർ എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

പത്തനംതിട്ട റാന്നി കരിങ്കുളത്ത് ഗീവർഗീസ് റേച്ചൽ ദമ്പതികളുടെ എട്ടു മക്കളിൽ മൂത്തമകനായി 1960 ഡിസംബർ മൂന്നിനാണ് ബിഷപ് ജേക്കബ് മാർ ബർണബാസ് ജനിച്ചത്. ചാക്കോ എന്നായിരുന്നു മാമ്മോദീസാ പേര്. 1975 ൽ ക്രിസ്ത്വാനുകരണ സഭയിൽ വൈദിക വിദ്യാർഥിയായി ചേർന്ന അദ്ദേഹം തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് പൂനയിലെ ജ്ഞാനദീപ വിദ്യാപീഡത്തിൽ നിന്ന് ഫിലോസഫിയും തിയോളജിയും പൂർത്തിയാക്കി.

1986 ഒക്ടോബർ രണ്ടിനാണ് ആർച്ച് ബിഷപ് ബെനഡിക്ട് മാർ ഗ്രിഗോരിയോസിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചത്. വൈദികനായ ശേഷം റോമിൽ ഉന്നത പഠനം പൂർത്തിയാക്കിയ ഫാ. ചാക്കോ ഏറത്ത് ‘മലങ്കര വിവാഹത്തിൻ്റെ ആരാധനക്രമം’ എന്ന വിഷയത്തിലാണ് 1994 ൽ ഡോക്ട്രേറ്റ് നേടിയത്.