കൊച്ചി: ഇടമലയാര്‍ – പൂയംകൂട്ടി വനാന്തരത്തില്‍ കടുവ ആന ഏറ്റുമുട്ടൽ. ഏറ്റുമുട്ടിയ കടുവയെയും ആനയെയും ചത്തനിലയില്‍ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടി ഗുരുതരപരിക്കേറ്റാണ് ചത്തത്. കടുവ ഒരു ആനയെ ആക്രമിച്ചതിന് പിന്നാലെ ആനകള്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൃഗങ്ങള്‍ ചത്തതെന്നാണ് വന്യജീവി വിദഗ്ധര്‍ പറയുന്നത്.
ഇടമലയാര്‍ ഫോറസ്റ്റ് റേ്ഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന്‌നാലുകിലോമീറ്ററോളം അകലം കൊളുത്തുപ്പെട്ടി ഭാഗത്തെ പുല്‍മേടയിലാണ് വന്യജീവികള്‍ ചത്തുകിടക്കുന്നത് കണ്ടത്. വനംവകുപ്പ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ജഡങ്ങള്‍ കണ്ടത്.
കടുവയ്ക്ക് ഏഴ് വയസോളം പ്രായമുണ്ട്. മോഴയിനത്തില്‍പ്പെട്ട ആനയ്ക്ക്15വയസും. ജഡങ്ങള്‍ക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കാട്ടില്‍ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള യുദ്ധം. വന്യജീവി സംരക്ഷണനിയമത്തിലെ ഷെഡ്യൂല്‍ഡ് ഒന്നില്‍പ്പെടുന്ന ജീവികളാണ് ഇവ.
ഇത്തരത്തില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവം ഇതല്ലെന്ന് വന്യജീവി വിദഗ്ധന്‍ ഡോ. പി എസ് ഈസ പറഞ്ഞു. കടുവ മാത്രമാണ് ആനയെ ആക്രമിക്കുന്ന വേട്ടക്കാരന്‍. 2009-10 ല്‍ സൈലന്റ് വാലി വനത്തില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2017ല്‍ വയനാട്ടില്‍ കടുവകള്‍ ആനകളെ കൊല്ലുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.