സുപ്രീം കോടതിക്ക് മുമ്പില്‍ യുവതിയും ഭര്‍ത്താവും തീകൊളുത്തിയ സംഭവം; സ്വമേധയ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

ന്യൂഡെൽഹി: സുപ്രീം കോടതിക്ക് മുമ്പില്‍ യുവതിയും ഭര്‍ത്താവും സ്വയം തീകൊളുത്തിയ സംഭവത്തില്‍ സ്വമേധയ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് അഭിഭാഷകന്‍ കത്തയച്ചു. അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവയാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൻ്റെ പിറ്റേന്നായിരുന്നു സുപ്രീംകോടതിക്ക് മുമ്പിലെത്തി ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവതിയും ഭര്‍ത്താവും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ താകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് അഞ്ച് ദിവസം മുമ്പ് മരിച്ചു. ഇന്ന് 85 ശതമാനം പൊള്ളലേറ്റ യുവതിയും ഡെൽഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ മരിച്ചു.

ഉത്തര്‍പ്രദേശിലെ ബിഎസ് പി, എംപി അതുല്‍റായിക്കെതിരെ 2019ല്‍ ബലാല്‍സംഗത്തിന് യുവതി പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടപടി ഉണ്ടായില്ല എന്നുമാത്രമല്ല, പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തു എന്നാണ് ആരോപണം. നീതി കിട്ടുന്നില്ല എന്ന പരാതിയുമായാണ് യുവതിയും ഭര്‍ത്താവും സുപ്രീംകോടതി പരിസരത്തേക്ക് എത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

ലൈംഗിക അതിക്രമ കേസുകളുടെ എണ്ണം ഓരോ വര്‍ഷം കൂടിവരുന്ന സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുകയാണ്. ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. ലൈംഗിക അതിക്രമ കേസുകള്‍ തീര്‍പ്പാക്കുന്നതിലും ഉത്തര്‍പ്രദേശ് പുറകിലാണ്.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് 43000 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നത് ഇത്തരം കേസുകള്‍ കൂടാന്‍ കാരണമാകുന്നു. അതുകൊണ്ട് നീതിന്യായ വ്യവസ്ഥയുടെയും നിയമസംവിധാനങ്ങളുടെയും പരാജയം തന്നെയാണ് സുപ്രീംകോടതി മുമ്പിലുണ്ടായ ദാരുണ സംഭവം.