കോഴിക്കോട്: താലിബാനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം കെ മുനീര്‍ എം എല്‍ എയ്ക്ക് വധഭീഷണി. ‘ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നിന്നേയും കുടുംബത്തേയും തീര്‍പ്പ് കല്പിക്കും’- ഭീഷണിക്കത്തില്‍ പറയുന്നു. കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര് എസ് എസ് സ്നേഹവും കാണുന്നു.
ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന് പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്.
ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് നിന്ന് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. നമ്മുടെ സ്ത്രീകള്‍ എങ്ങനെ ജീവിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കും. നിന്റെ തീരുമാനങ്ങള്‍ നിന്റെ പുരയില്‍ മതിഎന്നും കത്തിൽ പറയുന്നു.
താലിബാന് ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. എന്നാല്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണിയില്‍ ഭയമില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ല. താനും തന്റെ കുടുംബവും ഭീഷണികളെ ഭയക്കുന്നില്ലെന്നും മുനീര്‍ പറഞ്ഞു. കത്തിനെക്കുറിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് താലിബാന് എതിര്‍ക്കപ്പെടേണ്ടവരാണെന്ന് എം കെ മുനീര്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് പിന്നാലെ കമ്ന്റ് ബോക്സിലും വലിയ ആക്രമണങ്ങള്‍ ഉണ്ടായി. ഇതിന്റെ തുടര്‍ച്ച തന്നെയായി ഭീഷണിക്കത്തിനെയും കാണണമെന്ന് മുനീര്‍ പറയുന്നു.
താലിബാനെതിരെ മുസ്ലിം ലീഗിന് ശക്തമായ നിലപാടുകളുണ്ട്. അത് തന്നെയാണ് താനും പറയുന്നതെന്ന് മുനീര്‍ പറഞ്ഞു. താലിബാനെ പിന്തുണക്കുന്ന നിലപാടുകളോട് യോജിക്കുന്നില്ല.
പഴയ താലിബാനില്‍ നിന്ന് എന്തെങ്കിലും മാറ്റം പുതിയ താലിബാന് ഉള്ളതായി അറിയില്ല. അത്തരം വാദം ഉയര്‍ത്തുന്നവര്‍ പ്രതിലോമചിന്തകളെയാണ് പ്രോത്സാഹിപ്പിക്കുനതെന്ന് മുനീര്‍ പറഞ്ഞു.
താലിബാനെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ അങ്ങേയറ്റം അപകടകരമാണ്. അത്തരക്കാരുടെ പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ലെന്നും മുനീര്‍ വ്യക്തമാക്കി.