അധ്യാപക ദിനത്തിനു മുമ്പായി എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും കൊറോണ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തിനു മുമ്പായി എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും കൊറോണ വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. ഇതിനായി രണ്ടു കോടി ഡോസ് അധിക വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

സ്‌കൂള്‍ അധ്യാപകര്‍ക്കു മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ അഞ്ചിനു മുമ്പ് ഇതു നല്‍കാന്‍ ശ്രമിക്കണം. ഇതിനായി രണ്ടു കോടി ഡോസ് അധിക വാക്‌സിന്‍ നല്‍കും- മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. അതത് പ്രദേശത്തെ കൊറോണ സാഹചര്യം കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചു പലയിടത്തും ഭാഗികമായി സ്‌കൂള്‍ തുറന്നെങ്കിലും കൊറോണ രണ്ടാം തരംഗത്തോടെ വീണ്ടും അടച്ചു. അതിനു ശേഷം ഏതാനും ചില സംസ്ഥാനങ്ങള്‍ മാത്രമാണ് സ്‌കൂളുകളില്‍ നേരിട്ട് അധ്യയനം അനുവദിച്ചിട്ടുള്ളത്.

അധ്യാപകര്‍ക്കു വാക്‌സിന്‍ നല്‍കി സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആലോചിനകള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് അധ്യാപകരുടെ കൊറോണ വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള കേന്ദ്ര നിര്‍ദേശം.