ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് കോടതി

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കണ്ണൂര്‍ ആര്‍ ടി ഒ ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് യൂട്യൂബ് വ്‌ളോഗര്‍മാരായ ലിബിന്‍, എബിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു ദിവസം ജയിലില്‍ കഴിഞ്ഞ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ലിബിനും എബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ തെറ്റായ സന്ദേശമാകും നല്‍കുകയെന്നും, ഇരുവര്‍ക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞിരുന്നു.

കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാഹനത്തിന്റെ പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.

ആർ.ടി. ഓഫീസിലെത്തിയ ഇരുവരും ഉദ്യോഗസ്ഥർക്ക് നേരേ തട്ടിക്കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയുമായിരുന്നു.

ഇവരുടെ ആരാധകരും സംഭവസമയം ആർടി ഓഫീസിൽ തടിച്ചുകൂടി. തുടർന്ന് പോലീസെത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനുപിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ഇവരുടെ ആരാധകർ നടത്തിയ പ്രതികരണങ്ങളും ഏറെ ചർച്ചയായിരുന്നു. അസഭ്യമായരീതിയിൽ പ്രതികരിച്ചതിനും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും ചിലർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.