സുപ്രീം കോടതിയുടെ മുന്നില്‍വെച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരണത്തിന് കീഴടങ്ങി

ലഖ്‌നൗ: സുപ്രീം കോടതിയുടെ മുന്നില്‍വെച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. യുപി എംപിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ കാമുകന്‍ ശനിയാഴ്ച മരിച്ചിരുന്നു. ബിഎസ്പി എംപി അതുല്‍ റായ് തന്നെ 2019ല്‍ ബലാത്സംഗം ചെയ്‌തെന്നാണ് യുവതി ആരോപിച്ചത്.

സംഭവത്തില്‍ വരാണസി പൊലീസും എംപിയും ബന്ധുക്കളും ഒത്തുകളിക്കുകയായിരുന്നെന്നും യുവതി ആരോപിച്ചിരുന്നു. 85 ശതമാനം പൊള്ളലേറ്റ 24കാരിയായ യുവതിയുടെ നില അതിഗുരുതരമായിരുന്നു. കാമുകന് 65 ശതമാനം പൊള്ളലേറ്റിരുന്നു. ഇരുവരെയും റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഖോസി എംപിയായ അതുല്‍ റായിക്കെതിരെ 2019ലാണ് യുവതി പരാതി നല്‍കിയത്. ഒരുമാസത്തിന് ശേഷം പൊലീസില്‍ കീഴടങ്ങിയ എംപി കേസില്‍ ഇപ്പോഴും ജയിലിലാണ്. 2020 നവംബറില്‍ അതുല്‍ റായിയുടെ സഹോദരന്‍ പെണ്‍കുട്ടിക്കെതിരെ തട്ടിപ്പ് കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. പെണ്‍കുട്ടി കാണാനില്ലെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.

ഓഗസ്റ്റ് 16ന് പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തും ഡെൽഹിയിലെത്തി സുപ്രീം കോടതി ഗേറ്റിന് മുന്നിലിരുന്ന് ഫേസ്ബുക്ക് വീഡിയോ ചെയ്ത് തീകൊളുത്തുകയായിരുന്നു. എംപിയും ബന്ധുക്കളും പൊലീസും ഒത്തുകളിക്കുകയാണെന്ന് പെണ്‍കുട്ടി ആരോപിച്ചു. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

ബലിയ, വരാണസി എന്നിവിടങ്ങളിലായിരുന്നു പെണ്‍കുട്ടിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് വരാണസിയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. പെണ്‍കുട്ടിക്കെതിരെ തട്ടിപ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്.