തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ നാട്ടില്‍ എത്തുന്ന പ്രവാസികളില്‍ ലക്ഷണങ്ങളില്ലെങ്കിലും വീട്ടിലയയ്ക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളുളളവരെ ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിക്കാനും മറ്റുളളവരോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കാനുമാണ് ഏകദേശ ധാരണയായിരിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഐഎംഎ സ്വീകരിച്ചത്.
മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ തുടരണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഐഎംഎയും ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. നിലവില്‍ പരിശോധ സര്‍ക്കാര്‍ ആശുപത്രികളിലും ലാബുകളിലുമായാണ് നടക്കുന്നത്. പരിശോധന സ്വകാര്യമേഖലയിലും വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് പറഞ്ഞ ഐഎംഎ, ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധ കണ്ടുവരുന്നത് ഗൗരവമുളളതാണെന്ന് മുന്നറിയിപ്പ് നല്‍കി.