വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ദൗത്യം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. താലിബാന് ഭീകര സംഘവും യുഎസ് പൗരന്മാരെ പുറത്തെത്തിക്കാന്‍ സഹായം ചെയ്യുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ ഓഗസ്റ്റ് 31 ന് തന്നെ രക്ഷാദൗത്യവും സേനാ പിന്മാറ്റവും പൂര്‍ത്തിയാക്കാനാകുമെന്ന് ബൈഡന് കൂട്ടിച്ചേര്‍ത്തു.
അതിനിടെ പൗരന്മാരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനെതിരെ അഫ്ഗാനിലെ ഐഎസ് അനുകൂല സംഘടനകളില്‍ നിന്ന് ചില ഭീഷണികള്‍ വരുന്നതായി ബൈഡന് വ്യക്തമാക്കി. ജി–7 രാജ്യങ്ങളുടെ യോഗത്തിലാണ് ബൈഡന് നിലപാട് വ്യക്തമാക്കിയത്. താലിബാന് ഭീകരർ സമ്മതിക്കും വരെ ആളുകളെ ഒഴിപ്പിക്കുന്നത് തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനോട് മനുഷ്യത്വപരമായ സമീപനം തുടരുമെന്നാണ് ജി–7 രാജ്യങ്ങളുടെ നിലപാട്.
അടിയന്തരസഹായം എത്തിക്കാന്‍ യു.എന്‍ മുഖേന നടപടി എടുക്കുമെന്നും ജി-7 രാജ്യങ്ങള്‍ വ്യക്തമാക്കി. അതിനിടെ അഫ്ഗാനിസ്ഥാനുള്ള സഹായം താല്‍ക്കാലികമായി നിര്‍ത്തിയതായി ലോകബാങ്ക് വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുന്നതായും ലോകബാങ്ക് വക്താക്കള്‍ പറഞ്ഞു.