തെരുവില്‍ പട്ടികളെ പോലെ അലഞ്ഞു തിരിഞ്ഞ് സിംഹം ; കൗതുക കാഴ്ച വൈറൽ

നോം പെൻ: തെരുവില്‍ അലഞ്ഞു തിരിയുന്ന പട്ടികളെ നാം കാണാറുണ്ട്. എന്നാല്‍ ഒരു സിംഹം തെരുവില്‍ കൂടി അലഞ്ഞു തിരിയുന്നത് സങ്കല്‍പ്പിക്കാനാവുമോ. ഇത്തരത്തില്‍ ഒരു സിംഹം തെരുവില്‍ അലയുന്നതിന്റെ കൗതുകമുണർത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കമ്പോഡിയയുടെ തലസ്ഥാനമായ നോം പെന്നിലെ (Phnom Penh) കോടീശ്വരന്മാര്‍ താമസിക്കുന്ന തെരുവാണ് കഴിഞ്ഞ ദിവസം ഈ അപൂര്‍വ സംഭവത്തിനു സാക്ഷ്യം വഹിച്ചത്. മാധ്യമ പ്രവര്‍ത്തകനായ ആന്‍ഡ്രൂ മാക്ഗ്രിഗോര്‍ മാര്‍ഷല്‍ ആണ് ട്വീറ്റുകളിലൂടെ ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ ശാന്തനായാണ് സിംഹത്തിന്റെ നടപ്പ്.

നോം പെന്നില്‍ താമസിക്കുന്ന ചൈനീസ് വ്യവസായി ക്വി സിയാവോയുടെ വീട്ടില്‍ വളര്‍ത്തുന്ന സിംഹമാണ് തെരുവിലിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സിംഹം എങ്ങനെയാണ് ക്വി സിയാവോയുടെ വീടിന്റെ പുറത്തെത്തിയത് എന്ന് വ്യക്തമല്ല.

സിംഹത്തിന്റെ ടിക്‌ടോക് വിഡിയോകള്‍ വൈറലായതോടെ കംബോഡിയന്‍ അധികാരികള്‍ ഈ സിംഹത്തെ മുന്‍പ് കണ്ടുകെട്ടിയതാണെന്ന് മാര്‍ഷല്‍ ട്വീറ്റ് ചെയ്യുന്നു. 70 കിലോഗ്രാം ഭാരമുള്ള സിംഹത്തെ ജൂണ്‍ 27ന് മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം, ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നിന്റെ നിര്‍ദേശപ്രകാരം അധികാരികള്‍ സിംഹത്തെ ക്വി സിയാവോയ്ക്ക് കൈമാറി. ഈ സിംഹമാണ് ഇപ്പോള്‍ തെരുവിലിറങ്ങിയത്.

ചെറുപ്പം മുതലേ സിംഹത്തെ ഇണക്കി വളര്‍ത്തിയതാണെന്നും നഖങ്ങള്‍ പിഴുതെടുത്തിട്ടുണ്ടെന്നും മാര്‍ഷല്‍ തുടര്‍ ട്വീറ്റുകളില്‍ വ്യക്തമാക്കുന്നു. എന്തായാലും സിംഹത്തിന്റെ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടു കഴിഞ്ഞത്.