ശസ്ത്രക്രിയയിലൂടെ ശിശുവിൻ്റെ ജീവൻ രക്ഷിച്ചു; ഗര്‍ഭിണിയായ യുവതി കൊറോണ ബാധിച്ച് മരിച്ചു

എടത്വ: ഗര്‍ഭിണിയായ യുവതി കൊറോണ ബാധിച്ച് മരിച്ചു. ശസ്ത്രക്രിയയിലൂടെ ശിശുവിൻ്റെ ജീവൻ രക്ഷിച്ചു. തലവടി തെക്ക് ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകള്‍ പ്രിയങ്ക (26) ആണ് മരിച്ചത്. തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ 6.30 നാണ് സംഭവം.

ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്കയ്ക്ക് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിതീകരിച്ചത്. ഇതെ തുടർന്ന് പ്രിയങ്കയെ തുടര്‍ ചികിത്സക്കായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

രോഗ നില വഷളായതോടെ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കാമെന്ന് ആശുപത്രി അധികൃതര്‍ നിർദ്ദേശിച്ചു. തുടർന്ന് ബന്ധുക്കളുടെ സമ്മതപ്രകാരം ഓപ്പറേഷന്‍ നടത്തി കുട്ടിയെ പുറത്തെടുത്തെടുക്കുകയായിരുന്നു. നവജാത ശിശു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

പ്രിയങ്കയുടെ മാതാവ് കൊറോണ ബാധയെ തുടര്‍ന്ന് ഹരിപ്പാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് ചെങ്ങന്നൂര്‍ കൊല്ലക്കടവ് ചെരുവള്ളൂര്‍ പാറപ്പുറത്ത് ശ്രീജിത്ത്.