തിരുവനന്തപുരം: സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും കൊറോണ പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ജില്ലകളില്‍ വാക്സിനേഷന് പ്ലാന്‍ തയ്യാറാക്കി വാക്സിനേഷന് യജ്ഞം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 1.11 കോടി ഡോസ് വാക്സിന് സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
എത്രയും വേഗം കൂടുതല്‍ വാക്സിന് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. വാക്സിന് വിതരണത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും പരമാവധി പേര്‍ക്ക് വാക്സിന് നല്കി സുരക്ഷിതമാക്കാനും നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി പറഞ്ഞു. ഓണം കഴിഞ്ഞതോടെ വീണ്ടും കൊറോണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കും. രോഗ തീവ്രത കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഹോം ഐസൊലേഷനിലുള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഹാം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ പരിശോധന പരമാവധി വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയതായി വീണാ ജോര്‍ജ്ജ് പറഞ്ഞു.
പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കൊറോണ പരിശോധന നടത്തണം. എന്നാല്‍ സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിന് ശേഷം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അറിയിച്ചു.