ഇന്ത്യയിൽ 1.6 കോടി ആളുകൾ രണ്ടാം ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്?

ന്യൂഡെൽഹി: ഇന്ത്യയിൽ ചുരുങ്ങിയത് 1.6 കോടി ആളുകളെങ്കിലും ഇതുവരെ രണ്ടാം ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. രാജ്യത്ത് വാക്സിൻ ക്ഷാമമുണ്ടെന്നതിന്റെ കൃത്യമായ സൂചനയാണ് ഈ കണക്കുകൾ. ആദ്യ ഡോസ് സ്വീകരിച്ച് പന്ത്രണ്ട് മുതൽ പതിനാറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ 1.6 കോടി പേർക്ക് രണ്ടാം ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല.

മെയ് രണ്ടുവരെ, അതായത് 16 ആഴ്ചകൾക്കുമുമ്പ്, എത്ര പേർക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു എന്ന കണക്കുകളും നിലവിൽ എത്ര പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു എന്നുള്ള കണക്കുകളും താരതമ്യപ്പെടുത്തുമ്പോൾ കണക്കുകളിൽ ഒന്നരക്കോടിയിലധികം അന്തരം കാണാൻ സാധിക്കും. ഒന്നരക്കോടിയിലധികം പേർ രണ്ടാം ഡോസ് വാക്സിൻ എടുത്തിട്ടില്ല എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇതിൽ ഒരു കോടിയിലധികം പേരും അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്നുള്ളതാണ് ഗൗരവമുള്ള വസ്തുത. പല സംസ്ഥാനങ്ങളിലും വാക്സിന് ക്ഷാമം നേരിടുന്നെങ്കിലും രണ്ടാം ഡോസ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നത് ഗുരുതരമായ പ്രത്സന്ധിയുണ്ടാക്കുമെന്നാണ് സൂചന. ഒക്ടോബറോടെ കൊറോണ മൂന്നാം തരംഗം രാജ്യത്ത് ശക്തമാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽക്കൂടിയാണ് രണ്ടാം ഡോസ് ലഭിക്കാത്ത ഒന്നരക്കോടിയിലധികം പേരുണ്ടെന്ന വാർത്തകൾകൂടി പുറത്തുവരുന്നത്.