ഗുവാഹത്തി: ബാങ്ക് കവർച്ച ചെയ്യാനെത്തിയ മൂന്ന് പേരെ പൊലീസ് വെടിവച്ച് കൊന്നു. അസമിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചത്.
അലഹാബാദ് ബാങ്കിന്റെ ബോട്ട്ഗാവ് ശാഖയിൽ കവർച്ച നടത്താൻ ശ്രമമുണ്ടെന്ന് പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. കൊള്ള സംഘത്തിൽ ഉൾപ്പെട്ട മറ്റുചിലർ രക്ഷപ്പെട്ടതായും ഇവരുടെ വാഹനങ്ങളടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ 2.30 ഓടെ കൊള്ള സംഘം എത്തിയപ്പോൾ ചെംഗ്മാരിയിൽ വെച്ച് പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ കൊള്ളസംഘം പൊലീസിന് നേരേ വെടിയുതിർക്കുകയും പൊലീസ് തിരിച്ചടിക്കുകയുമായിരുന്നു. കവർച്ചാ സംഘത്തിലെ മൂന്ന് പേർക്കാണ് ഏറ്റുമുട്ടലിൽ വെടിയേറ്റത്. ഇവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഘത്തിലെ മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്തു.
കൊല്ലപ്പെട്ടവരുടെ ഇരുചക്ര വാഹനങ്ങളും മൊബൈൽ ഫോണുകളും മറ്റു ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗ്യാസ് കട്ടറും രണ്ട് തോക്കുകളും ഓക്‌സിജൻ സിലിൻഡറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. മൂന്നുമാസം മുമ്പും ഇതേ ബാങ്കിൽ കവർച്ചാശ്രമം നടന്നിരുന്നു.