കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു, പിഞ്ചു സഹോദരിയുടെ സ്നേഹപ്രകടനം ; അഫ്ഗാനിൽ നിന്നെത്തിയതിൻ്റെ സന്തോഷം

ന്യൂഡെല്‍ഹി: സംഘര്‍ഷഭരിതമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിയതിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന ബാലികയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പിഞ്ചു കുഞ്ഞിനെ തുടര്‍ച്ചയായി ഉമ്മ വെച്ച്‌ പിഞ്ചുസഹോദരി സന്തോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് കണ്ടുനില്‍ക്കുന്നവരുടെ കണ്ണ് നനയിക്കുന്നത്.

ഡെല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡോണ്‍ വ്യോമത്താവളത്തിലാണ് വൈകാരിക രംഗങ്ങള്‍. രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം 168 പേരാണ് ഇന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇതില്‍ 107 പേര്‍ ഇന്ത്യക്കാരാണ്.

അമ്മയുടെ കൈയിലാണ് കുഞ്ഞ്. ഈ കുഞ്ഞിനെ പിഞ്ചു സഹോദരി കെട്ടിപ്പിടിച്ച്‌ തുടര്‍ച്ചയായി ഉമ്മ വെയ്ക്കുന്നതാണ് ഹൃദയം തൊടുന്ന കാഴ്ചയാകുന്നത്. അതിനിടെ അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ വഷളായി കൊണ്ടിരിക്കുകയാണൈന്ന് അഫ്ഗാന്‍ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് ശേഷമുള്ള ഏഴു ദിവസം നേരിട്ട മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുകള്‍ വിവരിക്കുകയായിരുന്നു അഫ്ഗാന്‍ സ്ത്രീ.

‘അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ മോശമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് മകളെയും രണ്ടു കൊച്ചു മക്കളെയും കൂട്ടി ഇന്ത്യയിലേക്ക് വന്നത്. ഇന്ത്യയിലെ സഹോദരീസഹോദരന്മാര്‍ ഞങ്ങളുടെ രക്ഷയ്‌ക്കെത്തി. താലിബാന്‍ പോരാളികള്‍ ഞങ്ങളുടെ വീട് കത്തിച്ചു. സഹായത്തിന് ഇന്ത്യയോട് നന്ദി പറയുന്നു’- അഫ്ഗാന്‍ സ്ത്രീ പറയുന്നു.