ബൂസ്റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ല; കൂടുതൽ ഗവേഷണം ആവശ്യമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കൊറോണ വാക്സീൻ ബൂസ്റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ബൂസ്റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്നാണ് നിതി ആയോഗ് തീരുമാനം. വിദഗ്ധർ ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അദ്ധ്യക്ഷൻ വികെ പോൾ പറഞ്ഞു.

രണ്ട് ഡോസ് കൊറോണ വാക്സീൻ എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നത്. നിലവിൽ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും കൊറോണ ബാധിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാ​ഗം പേർക്കും അത് ​ഗുരുതരമാകുന്നില്ലെന്നതാണ് ആശ്വാസം.

ബൂസ്റ്റർ ഡോസിനെ കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും അതിന് കുറച്ച് മാസങ്ങൾ എടുക്കുമെന്നും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്ത് വരാൻ ഇനിയും കുറച്ച് മാസങ്ങൾ എടുക്കും.

അടുത്ത വർഷം ആരംഭത്തോടെ തന്നെ ബൂസ്റ്റർ ഡോസ് ആർക്കാണ് ഇത് ആവശ്യമെന്നും മറ്റുമുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഇക്കാര്യത്തിലുള്ള ആശങ്കയ്ക്ക് താൽക്കാലിക വിരാമമായി .