വിവാദമായി വാഹന പരിശോധന; ഉടമയിരിക്കെ ബൈക്ക് ക്രെയിൻ ഉപയോഗിച്ച് പൊക്കി

പൂനെ: കൊറോണ കാലത്ത് വാഹനപരിശോധന നടത്തുന്നതിനെതിരെ നമ്മുടെ നാട്ടില്‍ പ്രതിഷേധം രൂക്ഷമാണ്. വലിയ പരിഹാസമാണ് ഇതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും നേരിടുന്നത്. എന്നാല്‍ ഇത് കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒരു പ്രശ്‌നമല്ല എന്നാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള‌ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വളരെ വിചിത്രമായൊരു സംഭവമാണ് പൂനെയിലെ നാനപെത്തിലുണ്ടായത്. നോ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ട്രാഫിക് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച്‌ എടുത്തുമാറ്റി. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായത് ഒരു ബൈക്ക് എടുത്തുമാറ്റിയ സംഭവമാണ്. ബൈക്കില്‍ ഉടമസ്ഥനിരിക്കെ തന്നെ പൊലീസ് ബൈക്ക് പൊക്കിയെടുത്ത് കൊണ്ടുപോയി.

സംഭവം വിവാദമായതോടെ വലിയ വിമര്‍ശനമാണ് പൊലീസിനെതിരെ ഉയ‌ര്‍ന്നത്. എന്നാല്‍ വാഹനം പിടിച്ചെടുത്തപ്പോള്‍ ഉടമ ഇല്ലായിരുന്നെന്നും നീക്കുന്നതിനിടെ ബൈക്കുടമ വന്നിരുന്നതാണെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍ ഉത്തരവിട്ടു.

മുന്‍പും ഇത്തരം സംഭവങ്ങള്‍ മഹാരാഷ്ട്രയിലുണ്ടായിട്ടുണ്ട്. കുട്ടിയും സ്‌ത്രീയുമടക്കം വാഹനത്തിലിരിക്കെ കാര്‍ ക്രെയിനില്‍ കെട്ടിവലിച്ച്‌ കൊണ്ടുപോയിട്ടുണ്ട്. ഇതിനുപുറമേയാണ് ബൈക്ക് ഉടമയിരിക്കെ കൊണ്ടുപോയ സംഭവം ഉണ്ടായത്.