ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കൊറോണ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തു.
സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്സിൻ 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രകടമാക്കിയിട്ടുളളത്. മൂന്ന് ഡോസ് വാക്സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. മൂന്ന് ഡോസ് വാക്സിനേഷന് അനുമതി നൽകാനാണ് വിദഗ്ദ്ധ സമിതി നിലവിൽ ശുപാർശ ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് വാക്സിനേഷന്റെ ഫലം സംബന്ധിച്ച കൂടുതൽ രേഖകൾ കമ്പനിയോട് സമിതി തേടിയിട്ടുണ്ട്.
രാജ്യത്തെ 50-ഓളം കേന്ദ്രങ്ങളിലാണ് സൈകോവ്-ഡിയുടെ പരീക്ഷണം നടന്നത്. 12-18 വയസ്സുള്ള 1000 ത്തോളം കുട്ടികളും ഇവരുടെ പരീക്ഷണത്തിൽ പങ്കാളികളായിരുന്നു. രാജ്യത്ത് കൗമാരക്കാർക്കുള്ള ആദ്യ വാക്സിൻ പരീക്ഷണമായിരുന്നു ഇത്.
നിലവിൽ രാജ്യത്ത് അഞ്ച് കൊറോണ വാക്സിനുകൾക്കാണ് ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. കോവിഷീൽഡ്, കോവാക്സിൻ, സുപുട്നിക് V,മൊഡേണ, ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റഡോസ് വാക്സിൻ എന്നിവയാണത്.