വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ് വിമാനത്തില്‍ നിന്ന് ആളുകള്‍ വീണുമരിച്ച സംഭവത്തില്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം വിവാദമാകുന്നു. നാല്, അഞ്ച് ദിവസം മുന്‍പ് നടന്ന കാര്യമാണ് അതൊക്കെ എന്ന് പറഞ്ഞുകൊണ്ട് സംഭവത്തെ നിസാരമാക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാനായി പറന്നുയര്‍ന്ന വിമാനത്തില്‍ തൂങ്ങിപ്പിടിച്ച രണ്ട് പേരാണ് താഴെ വീണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ കുറ്റബോധമില്ലെന്നും, ഉചിതമായ സമയത്താണ് നടപടിയെന്നും ബൈഡന് നേരത്തെ പ്രതികരിച്ചിരുന്നു.
അഫ്ഗാന്റെ പതനം പ്രതീക്ഷിച്ചതിലും നേരത്തേയാണെന്നും, അഫ്ഗാന് നയത്തില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണു താന്‍ ചെയ്തതെന്നും ബൈഡന് പറഞ്ഞിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ പ്രതികരണം നാണക്കേടാണെന്ന് യുഎന്‍ മുന്‍ അംബാസഡര്‍ നിക്കി ഹേലി ആരോപിച്ചു.