കുട്ടികൾക്കുള്ള കൊറോണ വാക്സീൻ അടുത്ത മാസം മുതൽ നൽകി തുടങ്ങും

ന്യൂഡെല്‍ഹി : കുട്ടികള്‍ക്കുള്ള കൊറോണ വാക്‌സിനേഷന്‍ അടുത്തമാസം തുടങ്ങുമെന്ന് സൂചന. അനുമതിക്കായുള്ള നടപടികള്‍ അവസാനഘട്ടത്തിലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഫലം ഉടന്‍ ലഭിക്കും. ഇത് ഉടന്‍ തന്നെ വാക്‌സിനേഷന്‍ സംബന്ധിച്ച വിദഗ്ധ സമിതിക്ക് സമര്‍പ്പിക്കും. സെപ്റ്റംബറിലോ, തൊട്ടടുത്ത മാസത്തിലോ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിഎംആറിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു.

രണ്ടു മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനാണ് പരീക്ഷണഘട്ടത്തിലുള്ളത്. സൈഡസ് കാഡിലയുടേയും കോവാക്‌സിന്റെയും വാക്‌സിനുകളാണ് പരീക്ഷണം നടക്കുന്നത്.

കുട്ടികള്‍ക്കായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ നല്‍കുന്ന മുറയ്ക്ക് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ തുറക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍