കോഴിക്കോട് : കാസർകോട്, കണ്ണൂർ ജില്ലകളിലെ കൊറോണ രോഗികളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി പരാതി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് കഴിഞ്ഞ ദിവസം കൊറോണ രോഗികളെ ഫോണിൽ വിളിച്ചത്. രോഗികൾക്ക് ഫോൺ കോളുകൾ വരുന്ന സംഭവത്തിൽ അന്വേഷണം നടന്നതോടെയാണ് ഇവരുടെ വിവരങ്ങൾ ചോർന്നെന്ന കാര്യം മനസിലായത്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്
ഐ കൊന്റൽ സൊല്യൂഷൻസ്. ദേശീയ കൊറോണ സെല്ലിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് കമ്പനികൾ രോഗികളോട് സംസാരിച്ചത്.
ഗൂഗുൾ മാപ്പിൽ രോഗികളുടെ മേൽവിലാസം ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ലഭ്യമാണ്. രണ്ട് ജില്ലകളിലും പൊലീസ് പ്രത്യേക ആപ്പ് പുറത്തിറക്കിയിരുന്നു. വിവരങ്ങൾ ചോർന്നെന്ന് മനസിലായതോടെ ആപ്പുകൾ ഡിലീറ്റ് ചെയ്യുവാൻ പോലീസ് അധികാരി ഉത്തരവ് ഇറക്കി
അതേസമയം, വിവര ചോർച്ച ചിലരുടെ ബിസിനസ് താത്പര്യമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചു. അവസരം മുതലെടുക്കുകയാണെന്നും സർക്കാർ ഏജൻസികൾ അല്ല ഇതിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.
ആരാണ് ഫോൺ വിളിച്ചതെന്നും എന്താണ് ഇവരുടെ ലക്ഷ്യം എന്നും കണ്ടെത്താനും ദേശീയ കൊറോണ സെല്ലിൽ നിന്നാണോ ഇത്തരത്തിൽ ഫോൺ വിളി വന്നതെന്നും പരിശോധിക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.