ന്യൂഡെൽഹി: കൊവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസ് മാത്രമെടുത്തവര്‍ക്ക് കൊറോണയുടെ ഡെല്‍റ്റാ വകഭേദത്തിനെതിരെ കാര്യമായ സംരക്ഷണം ലഭിക്കില്ലെന്ന് പഠനം. ന്യൂഡെൽഹിയിലെ ഗംഗാ റാം ആശുപത്രിയിലെ രോഗികളിലും ആരോഗ്യപ്രവര്‍ത്തകരിലും നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
2716 പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ഇന്റേണല്‍ മെഡിസിന് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചു. പഠന റിപ്പോര്‍ട്ട് അനുസരിച്ച് 30 ദിവസത്തെ ഇടവേളയില്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്സിനും എടുത്തവരില്‍ ബഹുഭൂരിപക്ഷത്തിനും കൊറോണയിൽ നിന്നും സംരക്ഷണം ലഭിച്ചു.
ഒറ്റ ഡോസ് വാക്സിന് മാത്രം എടുത്തവര്‍ക്ക് കൊറോണയുടെ ഡെല്‍റ്റാ വേരിയന്റ് പിടിപ്പെട്ടിരുന്നു. എന്നാല്‍ നേരിയ ലക്ഷണങ്ങള്‍ മാത്രം ഉണ്ടായിരുന്ന കൊറോണ രോഗികളില്‍ കൊവിഷീല്‍ഡ് വാക്സിന്റെ ഫലപ്രാപ്തി 28 ശതമാനം മാത്രമായിരുന്നു.
അതേ സമയം കടുത്ത രോഗലക്ഷണങ്ങളുണ്ടായിരുന്ന രോഗികളില്‍ 67 ശതമാനവും ഓക്സിജന്‍ ആവശ്യമായി വന്ന ഗുരുതര രോഗികളില്‍ 76 ശതമാനവും കൊവിഷീല്‍ഡ് ഫലപ്രദമായിരുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞു. രണ്ട് ഡോസ് എടുത്തവരില്‍ മരണനിരക്കും 97 ശതമാനത്തോളം കുറവായിരുന്നു.