അഹമ്മദാബാദ്: ഗുജറാത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസം. ചൈനയിലെ വുഹാനിൽ വ്യാപകമായി കാണപ്പെട്ട എൽ – ടൈപ്പ് കൊറോണ വൈറസിന്റെ സാന്നിധ്യമാകാം ഗുജറാത്തിലെ മരണസംഖ്യയ്ക്ക് കാരണമെന്ന് ഒരു വിഭാഗം പറയുന്നു. സംസ്ഥാനത്ത് 140 പേരാണ് ഇതു വരെ കൊറോണ ബാധിച്ച് മരിച്ചത്.
എസ് – ടൈപ്പ് വൈറസിനെ അപേക്ഷിച്ച് എൽ – ടൈപ്പ് വൈറസിന്റെ സാന്നിധ്യം കൂടുതലായതാകാം മരണസംഖ്യ ഉയരാൻ കാരണം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗുജറാത്ത് ബയോ ടെക്നോളജി റിസർച്ച് സെന്റർ (ജിബിആർസി) ലെ ശാസ്ത്രജ്ഞൻ സി.ജി ജോഷി എൻഡിടിവിയോട് പറഞ്ഞു.
ഉയർന്ന മരണസംഖ്യ റിപ്പോർട്ടു ചെയ്യപ്പെട്ട സ്ഥലങ്ങളിൽ എൽ -ടൈപ്പ് വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് വിദേശത്ത് നടന്ന പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ ഇത് വ്യാപകമായി കണ്ടെത്തിയിരുന്നു.
ഗുജറാത്തിലെ ഒരു വൈറസ് ബാധിതനിൽനിന്ന് ശേഖരിച്ച സാമ്പിളിലും എൽ – ടൈപ്പ് വൈറസ് കണ്ടെത്താൻ കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. എസ് – ടൈപ്പ് വൈറസിനെക്കാൾ കാഠിന്യം കൂടിയതാണ് ഇത്. വിവിധ ലോകരാജ്യങ്ങളിൽ എൽ – ടൈപ്പ് വൈറസാണ് കൂടുതൽ മരണങ്ങൾക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, പല രോഗികൾക്കും മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതും ഗുജറാത്തിലെ മരണസംഖ്യ ഉയരാൻ ഇടയാക്കിയെന്നണ് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നത്. ഹൃദയ – ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉണ്ടായിരുന്നവരാണ് മരിച്ചവരിൽ ഏറെയുമെന്ന് അധികൃതർ പറയുന്നു. 60 വയസിനു മുകളിലും അഞ്ച് വയസിൽ താഴെയും പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയുമെന്നും ഗർഭിണികളും ജീവൻ നഷ്ടമായവരിൽ ഉൾപ്പെടുന്നുവെന്നും ഗുജറാത്ത് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി അടുത്തിടെ പറഞ്ഞിരുന്നു.