കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്റെ കൈകളിലായതോടെ രാജ്യത്ത് നിന്നും രക്ഷപെടാനായി അമേരിക്കന്‍ ചരക്ക് വിമാനത്തില്‍ കയറിപ്പറ്റി നിരവധി പേര് വീണ് മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചു.
കാബൂളില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തില്‍ നിന്നും മനുഷ്യര്‍ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയില്‍ തൂങ്ങി യാത്ര ചെയ്തവരാണ് താഴേക്ക് പതിച്ചത്. ഇത്തരത്തില്‍ നിരവധിപേര്‍ വീണ് മരിച്ചെന്നസ്ഥിരീകരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
യുഎസ് വ്യോമസേന സി-17 ഗ്ലോബ്മാസ്റ്റര് വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കളുമായി എത്തുകയും വിമാനത്തില്‍ കയറി പറ്റാനുള്ളവരുടെ തിരക്ക് ഏറിയതോടെ ചരക്ക് ഇറക്കാതെ ടേക്ക് ഏഫ് ചെയ്തുവെന്നുമാണ് വിശദീകരണം. ഇതിനിടെയാണ് ആളുകള്‍ വിമാനത്തിന്റെ ടയറില്‍ തൂങ്ങി രക്ഷപെടാന്‍ ശ്രമം നടത്തുകയും താഴേയ്ക്ക പതിക്കുകയും ചെയ്തത്.
ഏഴില്‍ കൂടുതല്‍പ്പേര്‍ ഇത്തരത്തില്‍ മരണപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കെങ്കിലും അമേരിക്ക ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ ടയറില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി.