തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റല്‍ റി-സര്‍വ്വെ പദ്ധതി നടപ്പാക്കാന്‍ സർക്കാർ തീരുമാനം. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. നാല് ഘട്ടമായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റി-ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ ഭരണാനുമതി നല്കി.
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ 1550 വില്ലേജുകളിലെ ഡിജിറ്റല്‍ റി-സര്‍വ്വേ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റവന്യൂ, സര്‍വ്വെ, രജിസ്ട്രേഷന് എന്നീ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം ഇതിലൂടെ സാധ്യമാകും. ഡിജിറ്റല്‍ ഭൂരേഖ ഭൂപട സംവിധാനങ്ങളുടെ സുശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താന്‍ ആവശ്യമായ തരത്തില്‍ ഐ.ടി. സംവിധാനങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.