ലക്നൗ: ഉത്തർ പ്രദേശിലെ അലിഗഡിന്റെ പേര് മാറ്റണമെന്ന് ശുപാർശ. പേര് ഹരിഗഡ് എന്ന് മാറ്റണമെന്നാണ് ആവശ്യം. ജില്ല പഞ്ചായത്ത് ഇത് സംബന്ധിച്ച ശുപാർശ ഉത്തർപ്രദേശ് സർക്കാരിന് കൈമാറി. നിരവധി ബിജെപി എംഎൽഎമാരും നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ ഇത് സംബന്ധിച്ച ശുപാർശ കത്ത് സർക്കാരിന് കൈമാറിയിരിക്കുന്നത്.
പഞ്ചായത്ത് ബോർഡ് യോഗത്തിലാണ് അലിഗഡിന്റെ പേര് മാറ്റണമെന്ന നിർദേശം ഉയർന്നത്. തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ ഏകകണ്ഠമായി നിർദേശം പാസാക്കുകയായിരുന്നു. ഇതിന് ശേഷമാണ് അലിഗഡിന്റെ പേര് മാറ്റണമെന്ന ശുപാർശ സർക്കാരിന് നൽകുന്നത്. നേരത്തെ അലഹാബാദ്, ഫൈസാബാദ് എന്നീ പ്രദേശങ്ങളുടെ പേരുകൾ സർക്കാർ മാറ്റിയിരുന്നു.
അലഹാബാദ് നിലവിൽ പ്രയാഗ് രാജ് എന്നാണ് അറിയപ്പെടുന്നത്. ഫാസിയാബാദ് അയോധ്യയായി. മുഗൾ സരായി എന്നത് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നഗർ എന്നാക്കി സർക്കാർ പേര് മാറ്റിയിരുന്നു. അലിഗഡിന് പുറമെ ധനിപൂർ എയർസ്ട്രിപ്പിന്റെ പേര് മാറ്റാനും നിർദേശം ഉയർന്നിട്ടുണ്ട്. കല്യാൺ സിംഗ് എയർസ്ട്രിപ്പ് എന്ന് മാറ്റാനാണ് ശുപാർശ.