അഫ്ഗാന്‍ പൗരന്മാര്‍ക്കായി പുതിയ ഇ- വിസ സംവിധാനം ഏര്‍പ്പെടുത്തി ഇന്ത്യ; സാധുത ആറ് മാസം

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം കൈയ്യടക്കിയ സാഹചര്യത്തില്‍ അഫ്ഗാന്‍ പൗരന്മാര്‍ക്കായി പുതിയ ഇ-വിസ സംവിധാനം ഏര്‍പ്പെടുത്തി ഇന്ത്യ. സിംഗിള്‍ എന്‍ട്രി ഇ-വിസ സംവിധാനത്തിലൂടെ അപേക്ഷകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം. ഇ-വിസകള്‍ക്ക് ആറുമാസം മാത്രമേ സാധുതയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം വിസ വ്യവസ്ഥകള്‍ അവലോകനം ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് വിസ അപേക്ഷകള്‍ക്കായി ”ഇ-എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ” എന്ന ഇലക്ട്രോണിക് വിസയുടെ പുതിയ വിഭാഗം അവതരിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

സുരക്ഷാ അനുമതിക്ക് ശേഷം മാത്രമേ ഇവ അനുവദിക്കുകയുള്ളൂവെന്നും ഇത് പ്രകാരം ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ആറുമാസം താമസിക്കാനുള്ള സൗകര്യം മാത്രമായിരിക്കും ലഭിക്കുകയെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈ സാധുത കാലയളവ് അവസാനിച്ചതിന് ശേഷം എന്താണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല.

ആഭ്യന്തര മന്ത്രാലയത്തിന്റെ വിസ നയം അനുസരിച്ച്, ഏതെങ്കിലും വിസ വിഭാഗത്തില്‍ പ്രത്യേകമായി ഉള്‍പ്പെടാത്ത ഒരു ഉദ്ദേശ്യത്തിനായി വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശ പൗരന്മാര്‍ക്ക് ഉചിതമായ കാലയളവില്‍ ‘എക്‌സ്-മിസ്‌ക്’ വിസ അനുവദിച്ചേക്കാം. എക്‌സ്-മിസ്‌ക് വിസകള്‍ പൊതുവെ സ്വതന്ത്രമായോ അല്ലെങ്കില്‍ മെഡിക്കല്‍ വിസ അപേക്ഷകരുടെ ആശ്രിതരായ കുട്ടികള്‍ പോലെ മറ്റ് വിസയുള്ളവര്‍ക്കൊപ്പമുള്ളവര്‍ക്കോ ആണ് അനുവദിക്കുന്നത്.

അഫ്ഗാനില്‍ പീഡനം നേരിടുന്ന പൗരന്മാര്‍ക്ക് – എല്ലാ മതവിഭാഗങ്ങള്‍ക്കും – ദീര്‍ഘകാല വിസകള്‍ ഇന്ത്യ മുമ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ആദ്യം താലിബാന്‍ അധികാരത്തിലെത്തിയ ശേഷവും തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധകാലത്തും രാജ്യം വിട്ടുപോയ ധാരാളം അഫ്ഗാനികള്‍ ഇന്ത്യയില്‍ കഴിയുന്നുമുണ്ട്.