തിരുവനന്തപുരം: കൊറോണ വ്യാപനം കുറയാത്തതും മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് അനിശ്ചിതത്വത്തിൽ. മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഘട്ടം ഘട്ടമായി സ്കൂൾ തുറക്കാനാണ് ആലോചനയെങ്കിലും സർക്കാരിന് മുന്നിൽ കടമ്പകളേറെ. സ്കൂൾ തുറക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് രക്ഷിതാക്കളും അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകൾ തുറക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ക്ലാസുകൾ ആരംഭിക്കാനാണ് ആലോചന . സ്കൂളുകളിലെ എല്ലാ സംവിധാനവും പ്രയോജനപ്പെടുത്തി ക്ലാസുകൾ സുഗമമായി നടത്താനാകുമെന്ന് ഒരു വിഭാഗം അധ്യാപകർ പറയുമ്പോൾ മറ്റൊരു വിഭാഗം അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്.
പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ പ്രതിരോധ ശേഷിയിൽ മുന്നിലാണെങ്കിലും കൊറോണ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന അഭിപ്രായം ഉയരുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിലെല്ലാം സ്കൂളുകൾ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തുറക്കും. ഓണത്തിന് തൊട്ടുപിന്നാലെ കൊറോണ മൂന്നാം തരംഗമുണ്ടാവുമെന്ന പ്രഖ്യാപനവും രണ്ടാം തരംഗം ഇപ്പോഴും സംസ്ഥാനത്ത് നിന്ന് വിട്ടൊഴിയാത്ത സാഹചര്യത്തിലും സ്കൂൾ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
കോളേജ് വിദ്യാർത്ഥികളിലും സ്കൂൾ അധ്യാപകർക്കുമടക്കം എല്ലാവർക്കും വാക്സീൻ നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നതിനാൽ വൈറസ് വ്യാപനം കുട്ടികൾക്കിടയിലും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.