യുവനേതാക്കള്‍ പുറത്ത് പോകുമ്പോള്‍ പഴി കേള്‍ക്കേണ്ടി വരുന്നത് മുതിര്‍ന്നവര്‍ക്ക്; കോണ്‍ഗ്രസിനെ നയിക്കാന്‍ ആളില്ലെന്ന് വ്യക്തമാക്കി കപില്‍ സിബല്‍

ന്യൂഡെല്‍ഹി: അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
യുവനേതാക്കള്‍ രാജിവെച്ച് ഒഴിയുമ്പോള്‍ പഴികേള്‍ക്കേണ്ടി വരുന്നത് മുതിര്‍ന്ന നേതാക്കള്‍ക്കാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഇതിനെ പാര്‍ട്ടി നേതൃത്വം കണ്ണടച്ച് പിന്താങ്ങുകയാണെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

ട്വിറ്ററിലൂടെയായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. ‘പാര്‍ട്ടിയുടെ പ്രധാന നേതൃസ്ഥാനത്ത് നിന്നും സുഷ്മിത ദേവ് രാജിവെച്ചിരിക്കുകയാണ്. യുവനേതാക്കളൊക്കെ ഇങ്ങനെ പുറത്തേക്ക് പോകുമ്പോഴും, കുറ്റപ്പെടുത്തല്‍ മുഴുവന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രയത്നിക്കുന്ന ഞങ്ങള്‍ ‘വയസന്മാര്‍ക്ക്’ നേരെയാണ്. കണ്ണുകള്‍ മുറുക്കിയടച്ചങ്ങനെ മുന്നോട്ടുപോവുകയാണ് ഈ പാര്‍ട്ടി,’ കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകള്‍ കൂടിയായാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞ സുഷ്മിത ദേവ്. പൊതുപ്രവര്‍ത്തനത്തിലെ പുതിയ അധ്യായത്തിന്റെ ആരംഭം എന്നാണ് തന്റെ തീരുമാനത്തെ സുഷ്മിത വിശേഷിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടി വിടാനുള്ള കാരണം ഇവര്‍ വ്യക്തമാക്കിയിട്ടില്ല.

വിഷയത്തിന്മേല്‍ കപില്‍ സിബലിന്റെ പ്രതികരണം കൂടി വന്നതോടെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ആളില്ലെന്ന ആരോപണവും ശക്തിപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ കപില്‍ സിബലും ഉള്‍പ്പെട്ടിരുന്നു.

അസം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് സുഷ്മിതയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും രാജ്യസഭ എംപി ഡെറെക് ഒബ്രിയാന്റെയും സാന്നിധ്യത്തിലായിരുന്നു സുഷ്മിത ദേവ് തൃണമൂലില്‍ അംഗത്വമെടുത്തത്.