തിരുവനന്തപുരം: വിഴിഞ്ഞം ബീച്ച് റോഡില്‍ അനധികൃതമായി സൂക്ഷിച്ച റേഷന്‍ അരി പൊലീസ് പിടിച്ചെടുത്തു. സ്വകാര്യ വസ്തുവിലെ ഷെഡില്‍ 43 ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷന്‍ അരി, ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ഈ ഷെഡ്ഡിന് സമീപത്തെ മറ്റൊരു മുറിയില്‍ നിന്ന് ഫുഡ് കോര്‍പ്പറേഷന്റെ ചാക്കുകളും കണ്ടെത്തി.
സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ പൊലീസ് പിടികൂടി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പൂഴ്ത്തിവച്ച റേഷന്‍ സാധനങ്ങള്‍ കണ്ടെത്തിയത്.
റേഷനരി മറ്റ് ബ്രാന്റുകളുടെ ചാക്കുകളിലാക്കി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് എസ് ഐ പറഞ്ഞു. പിടിച്ചെടുത്ത അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ളവ അമപവിള ചെക്ക്പോസ്റ്റിലേക്ക് മാറ്റി. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍ അറിയിച്ചു.