വീട്ടിൽ കിടന്ന കാറിന് ടോള്‍ പ്ലാസയില്‍ നികുതി ഈടാക്കി; പരാതിയുമായി വാഹന ഉടമ

പാലക്കാട്: വീട്ടിലെ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ പേരില്‍ ടോള്‍ പ്ലാസയില്‍ നിന്ന് നികുതി ഈടാക്കിയതായി വാഹന ഉടമയുടെ പരാതി. പാലക്കാട് കൊല്ലങ്കോട് നെന്മേനിയിലെ കെ ശിവാനന്ദന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് വാളയാര്‍ പാമ്പാംപള്ളം ടോള്‍ പ്ലാസയിലൂടെ സഞ്ചരിച്ചതായി കാണിച്ച്‌ ടോള്‍ ഈടാക്കിയതായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തിയത്.

ശനിയാഴ്ച 10.30 ന് വാഹനം ടോള്‍ പ്ലാസ കടന്നുപോയതായി സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം, കാര്‍ മുതലമടയിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്താണ് ടോള്‍ബൂത്ത് വഴി കടന്നുപോയതായി പറഞ്ഞ് തുക ഈടാക്കിയതെന്ന് ശിവാനന്ദന്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പാണ് സ്വകാര്യ ബാങ്ക് ശാഖവഴി വാഹനത്തിന് ഫാസ് ടാഗ് അകൗണ്ട് എടുത്തതെന്നും പിന്നീട് പലപ്പോഴും വാളയാര്‍ പാമ്പാംപള്ളം ടോള്‍ പ്ലാസയില്‍ നിന്ന് സമാനമായ സന്ദേശങ്ങള്‍ എത്താറുണ്ടെന്നും ശിവാനന്ദന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ അറിയിച്ചു.