കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് അടക്കമുള്ളവരാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്, പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്ത സ്ഥിരീകരിച്ചു.
വൈസ് പ്രസിഡൻ്റ് അമിറുള്ള സാലെയും പലായനം ചെയ്തു. എവിടേയക്കാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. കാബൂള്‍ എല്ലാ വശത്ത് നിന്നും വളയപ്പെട്ടതോടെ അധികാരം താലിബാന് കൈമാറാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ഗനിയും വൈസ് പ്രസിഡന്‍റും താജിക്കിസ്ഥാനിലേക്കാണ് പോയതെന്നാണ് അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാനപരമായി, ചെറുത്തുനില്‍പ്പില്ലാതെ അധികാരക്കൈമാറ്റം നടത്താമെങ്കില്‍ ഗനിയ്ക്ക് രാജ്യം വിടാനുള്ള സുരക്ഷിതമായ പാത ഒരുക്കിത്തരാമെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഗനി രാജ്യം വിട്ടതെന്നാണ് സൂചന.
കുടുംബസമേതമാണ് അഫ്ഗാന്‍ ഭരണകൂടത്തിലെ ഉന്നത നേതാക്കള്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെയാണ് കാബൂള്‍ അതിര്‍ത്തിയിലുള്ള ജലാലാബാദും മസര്‍ – ഇ- ഷെരീഫും കീഴടക്കി താലിബാന്‍ കാബൂളിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ പ്രവേശിച്ചത്. അവിടെ നിന്ന് കാബൂള്‍ ആക്രമിച്ച് കീഴടക്കേണ്ടതില്ലെന്ന് താലിബാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
സമാധാനപരമായി അധികാരം എങ്ങനെ കൈമാറുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് നടന്ന ചര്‍ച്ചയിലാണ് ഗനി അധികാരം കൈമാറാമെന്നും, പകരം രാജ്യം വിട്ട് പലായനം ചെയ്യാന്‍ സുരക്ഷിതപാത ഒരുക്കിത്തരാമെന്നുമുള്ള വാഗ്ദാനം താലിബാന്‍ അഫ്ഗാന്‍ ഭരണകൂടത്തിന് നല്‍കിയത്.