പാലക്കാട്: ചന്ദ്രനഗർ മരുതറോഡ് സഹകരണ ബാങ്ക് കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ നിഖിൽ അശോക് ജോഷി കവർച്ചയ്ക്കായി ഒരുമാസത്തോളം കേരളത്തിൽ താമസിച്ച് ആസൂത്രണം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. കാസർകോടുമുതൽ പാലക്കാടുവരെയുള്ള വിവിധ സഹകരണ ബാങ്കുകൾ ലക്ഷ്യമിട്ടിരുന്നു.
സുരക്ഷാ ജീവനക്കാരില്ലാത്തതും ആൾപെരുമാറ്റം കുറഞ്ഞതുമായ ബാങ്കുകൾ അന്വേഷിച്ചാണ് പാലക്കാട് മരുതറോഡ് സഹകരണ ബാങ്കിലെത്തിയത്. പാലക്കാട്ട് വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിച്ച് പകൽ കാറിൽ സഞ്ചരിച്ച് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളെക്കുറിച്ച് ഗൂഗിളിൽ വിവരങ്ങൾ തേടി നേരിട്ടുചെന്ന് കണ്ട് ഉറപ്പുവരുത്തുകയും ചെയ്തു.
നല്ലേപ്പള്ളി സഹകരണ ബാങ്ക്, ചിറ്റൂർ സഹകരണ ബാങ്ക്, പുതുനഗരം സഹകരണ ബാങ്ക്, കൊടുവായൂർ സഹകരണ ബാങ്ക്, ആലത്തൂർ സഹകരണ ബാങ്ക്, വടക്കഞ്ചേരി സഹകരണ ബാങ്ക്, കൊട്ടേക്കാട് സഹകരണ ബാങ്ക്, ആറ്റാശ്ശേരി സഹകരണ ബാങ്ക്, മണ്ണാർക്കാട് സഹകരണ ബാങ്ക് എന്നിവകൂടാതെ, ജില്ലയിലെ വിവിധ ഇൻഷുറൻസ് സ്ഥാപനങ്ങൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് ഇയാൾ ഗൂഗിളിൽ അന്വേഷിച്ചതായി കണ്ടെത്തി.
ഒടുവിൽ ചന്ദ്രനഗർ മേൽപ്പാലത്തിനുസമീപം സർവീസ് റോഡിലെ മരുതറോഡ് സഹകരണ ബാങ്ക് കവർച്ചചെയ്യാൻ പദ്ധതിയിട്ടു. കവർച്ചയ്ക്ക് കുറച്ചുദിവസംമുമ്പ് ബാങ്കിൽ 2000 രൂപയ്ക്ക് ചില്ലറ വാങ്ങാനെന്ന വ്യാജേന നേരിട്ടുചെന്ന് ബാങ്കിനകത്തെ സംവിധാനങ്ങൾ പഠിച്ചുമനസ്സിലാക്കി. ബാറ്ററിയിൽ പ്രവൃത്തിക്കുന്ന ഡ്രില്ലറും ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ചാണ് ലോക്കർ തകർത്തത്. വളരെ ക്ഷമയോടെ മണിക്കൂറുകളോളം സമയം ബാങ്കിനകത്ത് ചെലവഴിച്ചായിരുന്നു കവർച്ച.
നിഖിൽ അശോക് ജോഷി ആഡംബര ജീവിതമാണ് നയിച്ചത്. മുമ്പ് മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ സ്വർണക്കടത്ത്, കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിവാഹമോചിതനായ നിഖിൽ ആഡംബരഹോട്ടലുകളിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്.
കിട്ടുന്ന പണമെല്ലാം ആഡംബര ജീവിതത്തിനും കൂട്ടുകാരുമായി പാർട്ടികൾനടത്തി ആഘോഷിക്കാനുമാണ് ചെലവഴിച്ചിരുന്നത്. ലക്ഷങ്ങളാണ് ഓരോമാസവും ചെലവിനായി വേണ്ടിവരുന്നത്. ഗോവയിലെ ‘സുപ്പാരി കില്ലേഴ്സ്’ എന്ന അഞ്ചംഗ ഗുണ്ടാസംഘത്തിന്റെ തലവനായിരുന്നെന്നും പോലീസ് പറയുന്നു. 10-ാം ക്ലാസുവരെമാത്രം പഠിച്ച നിഖിൽ ഇന്റർനെറ്റിൽനിന്നാണ് മോഷണത്തിനുള്ള വൈദഗ്ധ്യം നേടിയത്. കൂടുതൽ കവർച്ച നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കയാണ്.
ബാങ്ക് കവർച്ചക്കേസിൽ പ്രതിയെ തിരിച്ചറിഞ്ഞത് വെറും 10 ദിവസംകൊണ്ടാണ്. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ആസൂത്രിതമായ കവർച്ചനടത്തിയ പ്രതിയിലേക്ക് പോലീസെത്തിയത് വളരെ പെട്ടെന്നായിരുന്നു. മഹാരാഷ്ട്രയിലായിരുന്നെങ്കിൽ താൻ പിടിക്കപ്പെടുമായിരുന്നില്ലെന്ന് നിഖിൽ അശോക് ജോഷി പറഞ്ഞുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.